ന്യൂയോർക്ക്: വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ജൂൺ 19ന് നടത്തിയേക്കും. പലതവണ മാറ്റിവച്ച ആക്‌സിയം 4 ദൗത്യം 19ന് നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായി അധികൃതർ അറിയിച്ചു. റോക്കറ്റിലെ തകരാറുകൾ പരിഹരിച്ചു. യാത്ര വിജയിച്ചാൽ രാകേഷ് ശർമയ്‌ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന ഇന്ത്യൻ പൗരനാകും ശുഭാംശു ശുക്ല. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനുമാകും. ആക്‌സിയം സ്‌പേസ് എന്ന സ്വകാര്യ കമ്പനിയാണ് യാത്രയുടെ പ്രധാന സംഘാടകർ.
ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 ബ്ലോക്ക് 5 റോക്കറ്റാണ് നാല് യാത്രക്കാരുമായി കുതിച്ചുയരുക. ഈ റോക്കറ്റിന്റെ മുകളിൽ ഘടിപ്പിച്ചിട്ടുള്ള ഡ്രാഗൺ സി 213 പേടകത്തിലാണ് യാത്രക്കാർ ഇരിക്കുക. പരിചയസമ്പന്നയായ പെഗ്ഗി വിറ്റ്‌സൻ (യുഎസ്) നയിക്കുന്ന യാത്രയിൽ സ്ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട് ), ടിബോർ കാപു (ഹംഗറി ) എന്നിവരാണ് മറ്റു യാത്രക്കാർ. കാലാവസ്ഥയും അന്താരാഷ്‌ട്ര നിലയത്തിലെ സാങ്കേതിക പ്രശ്‌നങ്ങളുമാണ് നേരത്തേ യാത്രയ്‌ക്ക് തടസമായത്. ഇതെല്ലാം പരിഹരിക്കപ്പെട്ടതായി ആക്‌സിയം സ്‌പേസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |