ന്യൂഡൽഹി: റഷ്യയിൽ നിന്ന് കൂടുതൽ എസ് 400 വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങാനുള്ള നീക്കം ശക്തമാക്കി ഇന്ത്യ. ഓപ്പറേഷൻ സിന്ദൂറിലെ മികച്ച പ്രകടനത്തെത്തുടർന്നാണിത്. ഇക്കാര്യത്തിലുള്ള ചർച്ചകൾ ഇരുരാജ്യങ്ങളും തമ്മിൽ ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യം റഷ്യ സ്ഥിരീകരിക്കുകയും ചെയ്തു. റഷ്യൻ വാർത്താ ഏജൻസിയാണ് ചർച്ചകളെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ എത്ര യൂണിറ്റുകളാണ് വാങ്ങുന്നത് എന്നതിനെപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമല്ല. കുറഞ്ഞത് രണ്ടെണ്ണമെങ്കിലും വാങ്ങുമെന്നാണ് റിപ്പോർട്ട്.
റഷ്യൻ നിർമ്മിത എസ് 400 വ്യോമപ്രതിരോധ സംവിധാനം നിലവിൽ ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. ഇവ ചൈനയുടെയും പാകിസ്ഥാന്റെയും ആക്രമണങ്ങളെ നേരിടുന്നതിന് വിന്യസിച്ചിരിക്കുകയാണ്. രണ്ടെണ്ണമാണ് ചൈനീസ് അതിർത്തിയോടെ ചേർന്ന് വിന്യസിച്ചിട്ടുള്ളത്. ഒരെണ്ണം പാക് അതിർത്തിക്കടുത്തായി വിന്യസിച്ചിട്ടുണ്ട്.
2018ൽ അഞ്ച് എസ് 400 വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങാണ് ഇന്ത്യ റഷ്യയുമായി കരാറിൽ ഏർപ്പെട്ടത്. 48,426 കോടിയുടെ ഇടപാടായിരുന്നു ഇത്. ഇതുപ്രകാരം ഇനി രണ്ട് യൂണിറ്റുകൾകൂടി റഷ്യ ഇന്ത്യയ്ക്ക് കൈമാറേണ്ടതുണ്ട്. പക്ഷേ, യുക്രൈൻ യുദ്ധംമൂലം ഇതുവൈകുന്നുണ്ട്. അടുത്തവർഷത്തോടെ ഇത് നൽകുമെന്നാണ് കരുതുന്നത്. റഷ്യയിൽ നിന്ന് ഇന്ത്യ ആയുധങ്ങൾ വാങ്ങുന്നതിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡാെണാൾഡ് ട്രംപ് രംഗത്തുവന്നിരുന്നു. ഇതിനെ ഒട്ടും വിലകല്പിക്കാതെയാണ് വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങാനുള്ള നീക്കവുമായി ഇന്ത്യ മുന്നോട്ടുപോകുന്നത്.
എസ് 400 വ്യോമപ്രതിരോധ സംവിധാനങ്ങളുടെ കരുത്ത് ലാേകം കണ്ടത് ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്തായിരുന്നു. മുന്നൂറുകിലോമീറ്റർ ദൂരത്തുനിന്നാണ് പാകിസ്ഥാന്റെ വിമാനം വെടിവച്ചിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |