മുംബയ്: തുടർച്ചയായ മൂന്ന് വ്യാപാര ആഴ്ചകളിലെ മുന്നേറ്റത്തിന് വിരാമമിട്ട ആഴ്ചയാണ് കടന്നുപോയത്. പ്രധാന സൂചികയായ നിഫ്റ്റി ഒരു ശതമാനത്തിലധികം നഷ്ടത്തിലായി. ഐടി കമ്പനികളുടെ പ്രവർത്തന ഫലങ്ങളിൽ നിന്നും കാര്യമായ ആവേശം ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകർ ലാഭമെടുപ്പിന് തയാറായതാണ് തിരിച്ചടി ഉണ്ടായത്. പോയവാരം സെൻസെക്‌സ് 776 പോയിന്റ്റും നിഫ്‌റ്റി സൂചിക 204 പോയിന്റ്റും നഷ്‌ടത്തിലായിരുന്നു. സെൻസെക്സ് 59,655 പോയിന്റിലും നിഫ്‌റ്റി 17,624 ലുമാണ് വെളളിയാഴ്‌ച വ്യാപാരം അവസാനിപ്പിച്ചത്. ഈയാഴ്ചയിലും പ്രമുഖ കമ്പനികളുടെ നാലാം പാദ ഫലങ്ങളാണ് വിപണിയിൽ പ്രതിഫലിക്കുക.
കമ്പനികളുടെ പ്രവർത്തന ഫലം
റിലയൻസ് ഇൻഡസ്ട്രീസിന്റെയും ഐസിഐസിഐ ബാങ്കിന്റേയും മാർച്ച് പാദത്തിലെ പ്രവർത്തന ഫലങ്ങളോടുള്ള വിപണിയുടെ പ്രതികരണം ഇന്ന് രാവിലെ പ്രതീക്ഷിക്കാം. ഈ വ്യാപാര ആഴ്ചയിൽ ഏകദേശം 200-ഓളം കമ്പനികൾ മാർച്ച് പാദഫലം പ്രസിദ്ധീകരിക്കുന്നുണ്ട്. ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഓട്ടോ, എച്ച്.ഡി.എഫ്.സി അസറ്റ് മാനേജ്മെന്റ് കമ്പനി, നെസ്‌ലെ ഇന്ത്യ, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, ബജാജ് ഫിനാൻസ്, മാരുതി സുസുക്കി ഇന്ത്യ, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസേർവ്, ഹിന്ദുസ്ഥാൻ യൂണിലിവെർ, ടെക് മഹീന്ദ്ര, വിപ്രോ, അൾട്രാടെക് സിമന്റ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ലൈഫ്, എ.സി.സി, ടാറ്റ ടെലി, ഇൻഡസ് ടവേർസ്, ആദിത്യ ബിർള സൺ ലൈഫ് എ.എം.സി, കൊഫോർജ്, ഇന്ത്യൻ ഹോട്ടൽസ്, എൽ.ടി.ഐ മൈൻഡ്ട്രീ, എസ്.ബി.ഐ കാർഡ്സ് എന്നീ പ്രമുഖ കമ്പനികളുടെ പാദഫലം ഈയാഴ്ച പുറത്തുവരും. പാദഫലത്തിന് ശേഷം കമ്പനി മാനേജ്മെന്റ് നൽകുന്ന ഭാവി വളർച്ച അനുമാനമാകും വിപണിയിൽ നിർണായകമാകുക.
ആഗോള ഘടകങ്ങൾ
അമേരിക്കയുടെ ജി.ഡി.പി വളർച്ചാനിരക്കിന്റെ അനുമാനം ഏപ്രിൽ 27ന് പ്രസിദ്ധീകരിക്കും. ജനുവരി - മാർച്ച് കാലയളവിൽ അമേരിക്കയുടെ വളർച്ച നിരക്ക് ഇടിയുമെന്നാണ് പൊതുവിൽ പ്രതീക്ഷിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളുടെ 2023 കലണ്ടർ വർഷത്തെ ആദ്യ പാദത്തിലെ ജിഡിപി നിരക്കുകൾ ഏപ്രിൽ 28നും പുറത്തുവിടും. ഇത് വിപണിയെ സ്വാധീനിക്കുന്ന നിർണായക ഘടകങ്ങളാണ്. കൂടാതെ ഏപ്രിലിൽ ഇതുവരെയായി 6,948 കോടിയുടെ ഓഹരികളാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങൾ വാങ്ങിക്കൂട്ടിയത്. പ്രധാനമായും കോർപറേറ്റ് കമ്പനികളുടെ മാർച്ച പാദഫലം മികച്ചതാണെങ്കിൽ വിദേശ നിക്ഷേപത്തിന്റെ വരവ് ഇനിയും തുടർന്നേക്കും.
കൂടാതെ പതിവുപോലെ ക്രൂഡ് ഓയിൽ വിലയും രൂപയുടെ മൂല്യവും വിപണിയിൽ ചലനങ്ങളുണ്ടാക്കിയേക്കും. നിഫ്റ്റി സൂചികയിൽ 17,500 നിലനിൽക്കുന്നതിനാൽ ആശങ്കകൾക്ക് വകയില്ല. ഈയാഴ്ച വിപണികൾ സ്ഥിരതയാർജിക്കൽ ഘട്ടത്തിലൂടെ കടന്നു പോകാനായിരിക്കും സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |