കൊച്ചി: നിർമ്മിതബുദ്ധിയുടെ സഹായത്തോടെ ടൂറിസം മേഖല പുതിയ ഉയരങ്ങളിലേക്ക് നീങ്ങുമെന്ന് കേരള ട്രാവൽ മാർട്ടിലെ 'ടൂറിസം വ്യവസായത്തിൽ എ.ഐയുടെ ഉപയോഗം' സെമിനാർ. ടെക്‌നോളജിയുടെ സ്വാധീനത്തിൽ ജീവിക്കുന്ന തലമുറയാണ് വളർന്നു വരുന്നതെന്ന് വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ചൂണ്ടിക്കാട്ടി. ഇവരാണ് ഭാവിയിലെ സഞ്ചാരികൾ. വ്യക്തിഗതവും അനുഭവ വേദ്യവുമായ ടൂറിസം കേന്ദ്രങ്ങൾ, ഭാഷ സഹായം, ഇന്റലിജന്റ് വെർച്വൽ അസിസ്റ്റന്റ് എന്നിവയെല്ലാമാണ് ടൂറിസത്തിലെ ഭാവി. ടൂറിസം കേന്ദ്രങ്ങളുടെ വിശ്വാസ്യത സങ്കേതികവിദ്യയുടെ സഹായത്തോടെ മനസിലാക്കി ടൂറിസ്റ്റുകൾ തീരുമാനമെടുക്കുന്ന കാലമാണ് വരുന്നത്. സീസൺ പ്ലാനിംഗ്, ഇവന്റ് പ്ലാനിംഗ്, വീഡിയോ അനാലിസിസ് എന്നിവയെല്ലാം അവർ പരീക്ഷിക്കുന്നു.
സംരംഭകർ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും എ.ഐ സങ്കേതികവിദ്യ ടൂറിസം ഉപഭോക്താക്കൾ സ്വീകരിച്ചെന്ന് ഐ.ബി.എം ജെൻ എ.ഐ കൺസൾട്ടിംഗ് പാർട്ണർ ശമീന്ദ്ര ബസു പറഞ്ഞു. ട്രാവൽ പ്ലാനേഴ്‌സ് സി.ഇ.ഒ പി.കെ അനീഷ് കുമാർ മോഡറേറ്ററായിരുന്നു. കെ.ടി.എം. പ്രസിഡന്റ് ജോസ് പ്രദീപ്, സെമിനാർ കമ്മിറ്റി ചെയർമാൻ റിയാസ് അഹമ്മദ്, വൈസ് ചെയർപേഴ്‌സൺ നിർമ്മല ലില്ലി തുടങ്ങിയവർ സംബന്ധിച്ചു. ട്രാവൽ മാർട്ട് ഇന്ന് സമാപിക്കും. ഇന്ന് ഒരു മണി മുതൽ പൊതുജനങ്ങൾക്ക് സ്റ്റാളുകൾ സൗജന്യമായി സന്ദർശിക്കാം.
ഇന്ന് സമാപനം
കൊച്ചി: സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് ആവേശമായ കേരള ട്രാവൽ മാർട്ട് ഇന്ന് സമാപിക്കും. ഉത്തരവാദിത്ത ടൂറിസം, കാരവൻ, വി.ആർ ടൂറിസം അനുഭവം എന്നിവ ഉൾപ്പെടെ 347 സ്റ്റാളുകളാണ് ട്രാവൽ മാർട്ടിൽ ഒരുക്കിയത്. ടൂറിസം മേഖലയിൽ ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം ദ്രുതഗതിയിൽ സംഭവിക്കുന്നതിനും കെ.ടി.എം പന്ത്രണ്ടാമത് ലക്കം സാക്ഷ്യം വഹിച്ചു. പുതുതലമുറയെ തൃപ്തിപ്പെടുത്തുന്ന വിധത്തിൽ ടൂറിസം മേഖലയുടെ അടിമുടി മാറ്റത്തിനാണ് ഇത്തവണ തുടക്കം കുറിച്ചത്. 76 രാജ്യങ്ങളിൽ നിന്നുള്ള 808 സംരംഭകർ ഉൾപ്പെടെ 2,839 ബയർമാർ മാർട്ടിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |