കമ്പനികളുടെ മൂല്യത്തിൽ ₹1.4 ലക്ഷം കോടിയുടെ ഇടിവ്
കൊച്ചി: ഓഹരി വിപണിയിലെ അനിശ്ചിതത്വമേറിയതോടെ കേരളത്തിലെ പത്ത് മുൻനിര കമ്പനികളുടെ വിപണി മൂല്യം റെക്കാഡ് ഉയരത്തിൽ നിന്ന് 1.4 ലക്ഷം കോടി രൂപ ഇടിഞ്ഞു. ആഗോള, ആഭ്യന്തര മേഖലയിലെ പ്രതികൂല സാഹചര്യങ്ങളിൽ ഓഹരി വില കുത്തനെ താഴ്‌ന്നതോടെ കൊച്ചിൻ ഷിപ്പ്‌യാർഡ്, കല്യാൺ ജുവലേഴ്‌സ്, ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്(എഫ്.എ.സി.ടി), വിഗാർഡ്, സി.എസ്.ബി ബാങ്ക് എന്നിവയുടെ വിപണി മൂല്യം പകുതിയ്ക്കടുത്ത് ഇടിഞ്ഞു. മുത്തൂറ്റ് ഫിനാൻസ്, ഫെഡറൽ ബാങ്ക് എന്നിവയാണ് കലുഷിതമായ സാഹചര്യത്തിലും അടിതെറ്റാതെ പിടിച്ചുനിന്നത്.
കഴിഞ്ഞ വർഷം ജൂലായ് 11ന് 78,333 കോടി രൂപ വരെ ഉയർന്ന് റെക്കാഡിട്ട ഷിപ്പ്‌യാർഡിന്റെ വിപണി മൂല്യം 38,831 കോടി രൂപയിലേക്ക് മൂക്കുകുത്തി. ഇക്കാലയളവിൽ ഷിപ്പ്‌യാർഡിന്റെ ഓഹരി വില 2,979 രൂപയിൽ നിന്ന് 1,324 രൂപയിലേക്കാണ് ഇടിഞ്ഞത്. കല്യാൺ ജുവലേഴ്‌സിന്റെ വിപണി മൂല്യം റെക്കാഡ് ഉയരമായ 82,400 കോടി രൂപയിൽ നിന്ന് 50,050 കോടി രൂപയിലേക്ക് താഴ്ന്നു. ഫാക്‌ടിന്റെ വിപണി മൂല്യത്തിൽ 31,000 കോടി രൂപയുടെ ഇടിവുണ്ടായി.
മുത്തൂറ്റ് ഫിനാൻസ് മുൻനിരയിൽ
കേരളത്തിലെ കമ്പനികളിൽ 88,807 കോടി രൂപയുടെ വിപണി മൂല്യവുമായി മുത്തൂറ്റ് ഫിനാൻസാണ് മുൻനിരയിൽ. സ്വർണ വിലയിലെ കുതിപ്പാണ് പ്രതികൂല സാഹചര്യത്തിലും ഉയർന്ന മൂല്യം നിലനിറുത്താൻ മുത്തൂറ്റിന് സഹായകമായത്. നിലവിൽ കമ്പനിയുടെ ഓഹരി വില റെക്കാഡ് ഉയരത്തിനടുത്താണ്. നിലവിൽ മുത്തൂറ്റ് ഫിനാൻസിനും കല്യാൺ ജുവലേഴ്‌സിനും മാത്രമാണ് കേരളത്തിൽ അര ലക്ഷം കോടി രൂപയിലധികം മൂല്യമുള്ളത്.
റെക്കാഡ് ഉയരത്തിൽ നിന്നുള്ള വീഴ്ച
കമ്പനി : നിലവിലെ മൂല്യം: റെക്കാഡ് മൂല്യം
മുത്തൂറ്റ് ഫിനാൻസ് :88,807 കോടി രൂപ : 93,360 കോടി രൂപ
കല്യാൺ ജുവലേഴ്സ്: 50,050 കോടി രൂപ : 82,400 കോടി രൂപ
ഫാക്‌ട് : 45,709 കോടി രൂപ : 76,622 കോടി രൂപ
ഫെഡറൽ ബാങ്ക് : 44,161 കോടി രൂപ : 53,191 കോടി രൂപ
കൊച്ചിൻ ഷിപ്പ്‌യാർഡ്: 38,831 കോടി രൂപ: 78,333 കോടി രൂപ
വി ഗാർഡ് : 15,006 കോടി രൂപ: 19,442 കോടി രൂപ
കേരളത്തിലെ പത്ത് മുൻനിര കമ്പനികളുടെ മൂല്യം
3,15,650 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |