
കഴിഞ്ഞ വാരം വിറ്റഴിച്ചത് 11,820 കോടി രൂപയുടെ ഓഹരികൾ
കൊച്ചി: ഡോളറിനെതിരെ രൂപ റെക്കാഡ് ഇടിവ് നേരിട്ടതോടെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ വിൽപ്പന സമ്മർദ്ദം ശക്തമാക്കുന്നു. ഡിസംബർ ആദ്യ വാരം വിദേശ ധനകാര്യ സ്ഥാപനങ്ങളും വൻകിട ഫണ്ടുകളും 11,820 കോടി രൂപയുടെ ഓഹരികളാണ് വിറ്റുമാറിയത്. നവംബറിൽ 3,765 കോടി രൂപയാണ് വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്ന് പിൻവലിച്ചത്. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ(ജി.ഡി.പി) 8.2 ശതമാനം വളർച്ച നേടിയ അനുകൂല വാർത്തകളും വിദേശ ഫണ്ടുകൾക്ക് ആവേശം സൃഷ്‌ടിച്ചില്ല. നടപ്പുവർഷം ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ അഞ്ച് ശതമാനം ഇടിവുണ്ടായതാണ് നിക്ഷേപകരിൽ ആശങ്ക സൃഷ്‌ടിക്കുന്നത്. ഏഷ്യയിലെ കറൻസികളിൽ ഏറ്റവും വലിയ മൂല്യത്തകർച്ച നേരിടുന്നതും രൂപയാണ്.
വർഷാവസാനം ആഗോള ഫണ്ടുകൾ നിക്ഷേപം പുനക്രമീകരണം നടത്തുന്നതും വിദേശ പണമൊഴുക്ക് കൂടാൻ കാരണമായെന്ന് അനലിസ്‌റ്റുകൾ പറയുന്നു. ഡിസംബറിൽ ഇത്തരം സാഹചര്യം സാധാരണമാണെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം കടപ്പത്ര വിപണിയിലേക്ക് വിദേശ നിക്ഷേപകരുടെ പണമൊഴുക്ക് ശക്തമായി തുടരുകയാണ്. ഡിസംബർ ആദ്യ വാരം 250 കോടി രൂപയാണ് കടപ്പത്രങ്ങളിൽ വിദേശ ഫണ്ടുകൾ എത്തിച്ചത്.
ആഭ്യന്തര നിക്ഷേപകരുടെ ആവേശം കരുത്തായി
വിദേശ ഫണ്ടുകളുടെ പിന്മാറ്റം രാജ്യത്തെ ഓഹരി വിപണിയെ കാര്യമായി ബാധിച്ചില്ല. ആഭ്യന്തര നിക്ഷേപകരുടെ പണക്കരുത്താണ് തിരിച്ചടി മറികടക്കാൻ സഹായിച്ചത്. ഡിസംബറിലെ ആദ്യ നാല് ദിവസങ്ങളിൽ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങൾ 19,783 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. സാമ്പത്തിക മേഖലയുടെ മികച്ച പ്രകടനവും കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ലാഭത്തിലെ വർദ്ധനയും ആഭ്യന്തര നിക്ഷേപകർക്ക് ആവേശം സൃഷ്‌ടിച്ചു.
നടപ്പുവർഷം വിദേശ നിക്ഷേപകർ പിൻവലിച്ച തുക
1.55 ലക്ഷം കോടി രൂപ
വിദേശ നിക്ഷേപം
ജൂലായ്: -17,700 കോടി രൂപ
ആഗസ്റ്റ്: -34,990 കോടി രൂപ
സെപ്തംബർ: -23,885 കോടി രൂപ
ഒക്ടോബർ: 14,610 കോടി രൂപ
ഡിസംബർ നാല് വരെ: -11,820 രൂപ
നിക്ഷേപകരുടെ പ്രതീക്ഷ
കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് കുറച്ചതോടെ വാഹന, റിയൽ എസ്‌റ്റേറ്റ്, കൺസ്യൂമർ ഉത്പന്ന വിപണികളിൽ മികച്ച ഉപഭോഗ ഉണർവുണ്ടാകുമെന്നാണ് നിക്ഷേപകർ പ്രതീക്ഷിക്കുന്നത്. ജി.എസ്.ടി ഇളവിനൊപ്പം പലിശ ബാദ്ധ്യതയും കുറഞ്ഞതോടെ ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി ഉയരും. ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാര കരാർ വൈകുന്നതാണ് പ്രധാന ആശങ്ക. കയറ്റുമതി രംഗത്തെ തിരിച്ചടി വ്യാപാര കമ്മി ഉയർത്തുന്നതും വെല്ലുവിളിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |