
അഹമ്മദാബാദ്: ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ കിരീടം ചൂടിയതിന്റെ ആനന്ദത്തിലാണ് രാജ്യം മുഴുവനും. മത്സരത്തിനിടെ എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രമായി മാറിയ ഇന്ത്യൻ താരത്തിന്റെ കാമുകിയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന്റെ കാമുകിയും മോഡലുമായ അദിതി ഹുണ്ടിയയാണ് ഗാലറിയിലും ടെലിവിഷൻ സ്‌ക്രീനിലും എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ സുന്ദരി.
ഇഷാൻ കിഷന്റെ പ്രകടനം ഓരോ തവണയും അദിതി ആവേശത്തോടെ ആഘോഷിക്കുന്നത് ടെലിവിഷൻ കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇന്ത്യൻ താരങ്ങളുടെ കുടുംബാംഗങ്ങൾക്കായി നീക്കിവച്ച പ്രത്യേക ഗാലറിയിൽ ഓപ്പണർ അഭിഷേക് ശർമ്മയുടെ സഹോദരി കോമൾ ശർമ്മയ്‌ക്കൊപ്പമാണ് അദിതി മത്സരം ആസ്വദിച്ചത്. ചുവപ്പ് ടോപ്പ് ധരിച്ചെത്തിയ അദിതിയുടെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.
മത്സരശേഷം ഇന്ത്യൻ ടീമിനൊപ്പം വിജയാഘോഷത്തിൽ പങ്കുചേരാൻ അദിതിയും ഗ്രൗണ്ടിലെത്തിയിരുന്നു. നായകൻ സൂര്യകുമാർ യാദവിനെ അഭിനന്ദിച്ച അദിതി പിന്നാലെ ഇന്ത്യൻ പതാക പുതച്ചുനിന്ന ഇഷാൻ കിഷനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുന്നുണ്ട്.
ഇഷാനും അദിതിയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് നേരത്തെ താരത്തിന്റെ മുത്തച്ഛൻ അനുരാഗ് പാണ്ഡെ വെളിപ്പെടുത്തിയിരുന്നു. പാകിസ്ഥാനെതിരെയുള്ള വിജയത്തിന് പിന്നാലെ ഇഷാന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവയ്ക്കവെയാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്.
Suryakumar Yadav and Ishan Kishan celebrate the historic win in Ahmedabad with Aditi Hundia. pic.twitter.com/ETJDPgRUGc
— Bollywood Machine (@BollywoodMachin) March 8, 2026
ആരാണ് അദിതി ഹുണ്ടിയ?
രാജസ്ഥാനിലെ ജയ്പൂർ സ്വദേശിനിയായ അദിതി ഹുണ്ടിയ ഫാഷൻ ലോകത്തും ഡിജിറ്റൽ രംഗത്തും തന്റേതായ വ്യക്തിമുന്ദ്ര പതിപ്പിച്ചയാളാണ്. 2017ലെ മിസ് ഇന്ത്യ മത്സരത്തിൽ ഫൈനലിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദിതി ശ്രദ്ധേയയായത്. മിസ് ഡിവ സുപ്പർ നാഷണൽ കിരീടവും അദിതിയെ തേടിയെത്തി. 2019-ൽ മിസ് സുപ്പർ നാഷണൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര വേദിയിൽ അദിതി തിളങ്ങിയിട്ടുണ്ട്.
സൗന്ദര്യ മത്സരങ്ങൾക്കുശേഷം ഫാഷൻ മോഡലിംഗിൽ സജീവമായ അദിതി, പിന്നീട് ബിസിനസ് രംഗത്തേക്കും ചുവടുവച്ചു. സ്വന്തമായി ഒരു മേക്കപ്പ് ലേബൽ ആരംഭിച്ച അദിതി ഇന്ന് ഒരു സംരംഭക കൂടിയാണ്. സോഷ്യൽ മീഡിയയിൽ മൂന്നര ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇൻഫ്ളുവൻസറുമാണ് അദിതി. ജയ്പൂരിലെ ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂളിലും, സെന്റ് സേവ്യേഴ്സ് കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദിതി, കോളേജ് കാലഘട്ടത്തിലാണ് മോഡലിംഗിലേക്ക് തിരിയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |