ജിദ്ദ: സൗദി അറേബ്യയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ തായിഫിൽ ലുലു ഗ്രൂപ്പ് ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുന്നു. തായിഫിലെ സിറ്റി വാക് മാളിലാണ് 5 കോടി റിയാൽ നിക്ഷേപത്തിൽ ഹൈപ്പർ മാർക്കറ്റ് തുടങ്ങുന്നത്. ഇത് സംബന്ധിച്ച കരാറിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും മനാസിൽ അൽ ഖുബറാ റിയൽ എസ്റ്റേറ്റ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ താമർ അൽ ഖുറഷിയും മക്കയിൽ ഒപ്പ് വച്ചു. ലുലു ഗ്രൂപ്പ് സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ജിദ്ദ റീജിയണൽ ഡയറക്ടർ റഫീഖ് മുഹമ്മദ് എന്നിവരും സംബന്ധിച്ചു. രണ്ട് നിലകളിലായി രണ്ട് ലക്ഷത്തിലധികം ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ഹൈപ്പർ മാർക്കറ്റ് 2023 ജനുവരിയിൽ പ്രവർത്തനമാരംഭിക്കും.
മക്ക പ്രവിശ്യയിൽ ഉൽപ്പെടുന്ന തായിഫിൽ ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുന്നതോടു കൂടുതൽ സൗദികൾക്ക് തൊഴിൽ നൽകാൻ സാധിക്കുമെന്ന് എം.എ. യൂസഫലി പറഞ്ഞു. സൗദി അറേബ്യയിൽ നിലനിൽക്കുന്ന മികച്ച നിക്ഷേപാവസരങ്ങളാണ് പ്രവർത്തനം വ്യാപിപ്പിക്കാൻ പ്രോത്സാഹനമേകുന്നത്. ഇതിനായി സൗദി ഭരണകൂടം നൽകുന്ന സഹകരണങ്ങൾക്ക് നന്ദി പറയുന്നതായും യൂസഫലി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |