തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. ഇന്ന് ഗ്രാമിന് 80 രൂപ വർദ്ധിച്ച് ഒരു ഗ്രാം സ്വർണത്തിന് വില 10,260 രൂപയിലെത്തി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 82,080 രൂപ എന്ന സർവകാല റെക്കാഡിലെത്തിയിരിക്കുകയാണ്. ജിഎസ്‌ടി, പണിക്കൂലി, ഹോൾമാർക്ക് ചാർജ് എന്നിവ ഉൾപ്പെടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 90,000 രൂപ കുറഞ്ഞത് നൽകേണ്ടിവരും. യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകളാണ് സ്വർണവില വർദ്ധനവിന് കാരണമെന്നാണ് വിവരം.
ഈ മാസം ഇതുവരെ കേരളത്തിൽ ഗ്രാമിന് 555 രൂപയും പവന് 4,440 രൂപയുമാണ് കൂടിയത്. വെള്ളി വിലയിലും വർദ്ധനവുണ്ടായിട്ടുണ്ട്. ഗ്രാമിന് ഒരുരൂപ ഉയർന്ന് 141 രൂപയായി.
റെക്കാഡുകൾ പുതുക്കി വില തുടർച്ചയായി ഉയരങ്ങളിലേക്ക് കുതിക്കുമ്പോൾ സ്വർണം വാങ്ങാൻ നിക്ഷേപകർ പുതുമാർഗങ്ങൾ തേടുകയാണ്. വീടുകളിലും ബാങ്ക് ലോക്കറുകളിലും സ്വർണം സൂക്ഷിക്കാൻ ഉപഭോക്താക്കളിൽ ഭയമേറിയതോടെ ഡിജിറ്റൽ ഗോൾഡ് നിക്ഷേപങ്ങൾക്ക് പ്രിയമേറുകയാണ്. ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇ.ടി.എഫ്), വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സിസ്റ്റമാറ്റിക് നിക്ഷേപ പദ്ധതികളുടെ (എസ്.ഐ.പി) മാതൃകയിലുള്ള സ്കീമുകൾ തുടങ്ങിയവയിലേക്ക് പണമൊഴുക്ക് കുത്തനെ കൂടി.
ആഭരണങ്ങളായി വാങ്ങുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. ഒരു വർഷത്തിനിടെ സ്വർണ നിക്ഷേപത്തിൽ നിന്ന് 50 ശതമാനത്തിലധികം വരുമാനം ലഭിച്ചതാണ് ഉപഭോക്താക്കൾക്ക് ആവേശമാകുന്നത്. കഴിഞ്ഞ വർഷം സെപ്തംബർ 11ന് പത്ത് ഗ്രാം 24 കാരറ്റ് ഫിസിക്കൽ സ്വർണത്തിന്റെ വില 73,200 രൂപയായിരുന്നു. ഇപ്പോഴതിന്റെ വില പത്ത് ഗ്രാമിന് ഒരു ലക്ഷം രൂപയിലധികമാണ്. 50 ശതമാനത്തിലധികം വർദ്ധനയാണ് ഫിസിക്കൽ സ്വർണത്തിന്റെ വിലയിൽ ഒരു വർഷത്തിനിടെ ഉണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |