ന്യൂഡൽഹി: കേന്ദ്രഭരണപ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തിനിടെ നാലുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 70 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. പ്രതിഷേധക്കാരും പൊലീസും ലേ നഗരത്തിൽ ഏറ്റുമുട്ടുകയായിരുന്നു. ഉദ്യോഗസ്ഥർക്കുനേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. ലഡാക്കിന് സംസ്ഥാന പദവി നൽകുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുക എന്നിവയാണ് ആവശ്യം.
സംഘർഷത്തിനിടെ സമരക്കാർ പൊലീസ് വാഹനത്തിന് തീയിട്ടു. ലേ മേഖലയിൽ നടന്ന പ്രകടനത്തിനിടെ പ്രതിഷേധക്കാർ ബിജെപി ഓഫീസിന് നേരെ കല്ലെറിയുകയും തുടർന്ന് തീയിടുകയും ചെയ്തു. ഇതോടെ പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ പൊലീസുകാർ കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിചാർജ് നടത്തുകയും ചെയ്തു. ലഡാക്കിൽ ഇപ്പോൾ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ലഡാക്കിൽ പ്രതിഷേധം ശക്തമാണ്. പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ സോനം വാംഗ്‌ചുക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ലേ അപെക്‌സ് ബോഡിയുടെ (എൽഎബി) യുവജന വിഭാഗം പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂൾ പദവിയും നൽകണമെന്ന് ആവശ്യപ്പെട്ട് സോനം വാംഗ്‌ചുക്ക് കഴിഞ്ഞ 14 ദിവസമായി നിരാഹാര സമരത്തിലാണ്. ഈ സമരത്തിന് പിന്തുണയേകാനാണ് യുവജനങ്ങൾ തെരുവിലിറങ്ങിയത്.
ലഡാക്കിലെ ജനങ്ങളുടെ ആവശ്യങ്ങളിൽ ചർച്ചകൾ പുനഃരാരംഭിക്കുന്നതിന് അടുത്ത മാസം ആറിന് ലഡാക്ക് പ്രതിനിധികളുമായി ഒരു കൂടിക്കാഴ്ച നടത്താമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മുകാശ്മീർ വിഭജിക്കുകയും ചെയ്തതിനെത്തുടർന്ന് 2019 ഓഗസ്റ്റിൽ ലഡാക്ക് ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമായി രൂപീകരിക്കപ്പെട്ടു. അന്ന് വാംഗ്‌ചുക്ക് ഉൾപ്പെടെ ലേയിലെ പല പ്രവർത്തകരും ഈ തീരുമാനത്തെ അംഗീകരിച്ചിരുന്നു. എന്നാൽ ഒരു വർഷത്തിനുള്ളിൽ ലെഫ്റ്റനന്റ് ഗവർണറുടെ ഭരണത്തിന് കീഴിലുള്ള ഒരു രാഷ്ട്രീയ ശൂന്യതയെക്കുറിച്ച് ജനങ്ങൾ ആശങ്കകൾ അറിയിച്ചിരുന്നു. ഇതാണ് പ്രതിഷേധങ്ങൾക്കും നിരാഹാര സമരങ്ങൾക്കും കാരണമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |