തിംഫു: അതിർത്തി പ്രദേശങ്ങൾ ശക്തമാക്കാൻ ഭൂട്ടാന്റെ സമീപ പ്രദേശങ്ങളിൽ 22 ഓളം ഗ്രാമങ്ങൾ നിർമ്മിച്ച് ചെെന. കഴിഞ്ഞ എട്ട് വർഷത്തിനിടെയാണ് ഇത്തരമൊരു നീക്കം ചെെന നടത്തിയിരിക്കുന്നത്. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇന്ത്യയിൽ കടുത്ത ആശങ്ക ഉയരുന്നുണ്ട്. ഭൂട്ടാന്റെ തന്ത്രപ്രധാനമായ ഡോക്ലാം പീഠഭൂമിയ്ക്ക് സമീപമുള്ള പ്രദേശത്ത് ഏകദേശം എട്ട് ഗ്രാമങ്ങൾ ചെെന പണിയുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഡോക്ലാമിന് അടുത്തുള്ള ഗ്രാമങ്ങൾ ചെെനീസ് സെെനിക ഔട്ട് പോസ്റ്റുകൾക്ക് സമീപമാണെന്ന് നിരീക്ഷർ കണ്ടെത്തി. 22 ഗ്രാമങ്ങളിൽ ഏറ്റവും വലുത് ജിവുവാണ്. ഭൂട്ടാന്റെ ത്ഷെതാങ്ക എന്നറിയപ്പെടുന്ന പടിഞ്ഞാറൻ മേഖലയിലാണ് ജിവു സ്ഥിതി ചെയ്യുന്നത്. ഇത് ഇന്ത്യയെ ആശങ്കയിലാക്കി. ഇന്ത്യയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ മേഖലകളിൽ ചെെനയെ ശക്തിപ്പെടുത്തുന്നതാണ് ഈ നീക്കം. ഇന്ത്യൻ ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന സിലിഗുരി ഇടനാഴിയുടെ ഭാഗത്തും ഇത്തരത്തിൽ ഗ്രാമങ്ങൾ ഉള്ളത് ഇന്ത്യൻ ഉദ്യോഗസ്ഥ തലത്തിലും വലിയ ആശങ്ക ഉയർത്തുന്നുണ്ട്. ഈ ഇടനാഴി ഇന്ത്യയുടെ വടക്കേ ജില്ലകളെ ബന്ധിപ്പിക്കുന്നവയാണ്.
പീഠഭൂമിയായ ഡോക്ലാമിന്റെ ഭാഗത്തുള്ള ചെെനയുടെ നിർമ്മാണങ്ങൾ 2017ൽ ഇന്ത്യ ഇടപെട്ട് തടഞ്ഞിരുന്നു. 73 ദിവസം തുടർന്ന തർക്കത്തിനൊടുവിലാണ് ഈ പ്രദേശത്ത് നിന്ന് ഇന്ത്യയുടെയും ചെെനയുടെയും സെെന്യം പിൻവാങ്ങിയിരുന്നു. എന്നാൽ ഇപ്പോഴത്തെ പുതിയ ഉപഗ്രഹ ചിത്രങ്ങൾ ഇന്ത്യയെ ഞെട്ടിക്കുന്നതാണ്. ഡോക്ലാമിന് ചുറ്റുമുള്ള പ്രദേശത്താണ് കൂടുതലും ഗ്രാമങ്ങൾ ചെെന പണികഴിപ്പിച്ചത്. ഇത് ചെെനയുടെ പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നു. സംഭവത്തിൽ ഇതുവരെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |