ന്യൂഡൽഹി: ഭരണഘടനാ ശില്പി ഡോക്ടർ ബി ആർ അംബേദ്കറെ ആഭ്യന്തരമന്ത്രി അമിത് ഷാ അവഹേളിച്ചെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാക്കിയ കോൺഗ്രസിനെതിരെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് രംഗത്തെത്തി. വിദ്വേഷ നുണകൾക്ക് തങ്ങളുടെ വർഷങ്ങളായുള്ള ദുഷ്‌പ്രവൃത്തികൾ മറയ്ക്കാൻ കഴിയുമെന്ന തെറ്റിദ്ധാരണയാണ് കോൺഗ്രസിനുള്ളതെന്നും മോദി പറഞ്ഞു. ആളുകൾക്ക് സത്യം അറിയാമെന്ന് പറഞ്ഞ് അമിത് ഷാ നടത്തിയ പരാമർശത്തിന്റെ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു.
അംബേദ്കറോട് കോൺഗ്രസ് ചെയ്ത അനിതീയാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി മോദി ചില കാര്യങ്ങൾ ഓർമിപ്പിക്കുകയും ചെയ്തു. 'അദ്ദേഹത്തെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത് രണ്ടുതവണയാണ്. നെഹ്റു അദ്ദേഹത്തിനെതിരെ പ്രചാരണം നടത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തു. ഭാരത് രത്ന നിഷേധിച്ചു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ അദ്ദേഹത്തിന്റെ ഛായാചിത്രം വയ്ക്കുന്നതിന് സ്ഥലം നിഷേധിക്കുകയും ചെയ്തു ' -മോദി പറഞ്ഞു. .
അതിനിടെ അമിത്ഷായുടെ പരാമർശത്തിനെതിരായ പ്രതിഷേധം പ്രതിപക്ഷം കൂടുതൽ ശക്തമാക്കി. ഇന്നലെ പ്രതിഷേധം ശക്തമായതോടെ പാർലമെന്റ് നടപടികൾ നിറുത്തിവയ്ക്കുകയും ചെയ്തിരുന്നു. അമിത്ഷായുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ചൊവ്വാഴ്ച രാജ്യസഭയിൽ ഭരണഘടനയുടെ മഹത്തായ 75 വർഷങ്ങൾ ചർച്ചയ്ക്ക് മറുപടി പറയവെയാണ് അമിത് ഷാ വിവാദ പരാമർശം നടത്തിയത്.
'അംബേദ്കർ, അംബേദ്കർ, അംബേദ്കർ എന്ന് പറയുന്നത് ഇപ്പോൾ ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇങ്ങനെ പറയുന്നതിന് പകരം ദൈവത്തിന്റെ പേര് ഇത്രയും തവണ പറഞ്ഞിരുന്നെങ്കിൽ അവർക്ക് സ്വർഗത്തിൽ ഇടം ലഭിക്കുമായിരുന്നു' എന്നാണ് അമിത് ഷാ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |