തിരുവനന്തപുരം: കേരളത്തിലേക്ക് നിക്ഷേപമെത്തിക്കുന്നതിൽ സ്റ്റാർട്ടപ്പുകൾ വലിയ പങ്ക് വഹിക്കുന്നതായി മന്ത്രി പി.രാജീവ് പറഞ്ഞു. അടുത്തവർഷം ഫെബ്രുവരിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിക്കു മുന്നോടിയായി സംഘടിപ്പിച്ച സ്റ്റാർട്ടപ്പ് കോൺക്ലേവ് ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആഗോള ഉച്ചകോടിക്ക് പിന്നാലെ കേരളം സംരംഭകവർഷത്തിന്റെ മാതൃകയിൽ നിക്ഷേപകവർഷത്തിലേക്ക് (ഇയർ ഒഫ് ഇൻവെസ്റ്റ്മെന്റ്സ്) പ്രവേശിക്കും. കേരളത്തിന്റെ ഉയർന്ന നൈപുണ്യശേഷിയും സാങ്കേതിക ആവാസവ്യവസ്ഥയും പ്രയോജനപ്പെടുത്തുന്ന നിക്ഷേപത്തിനാണ് മുൻഗണന. സംരംഭകവർഷത്തിന്റെ ഭാഗമായി 3.25 ലക്ഷത്തിലേറെ സംരംഭങ്ങൾ തുടങ്ങാനും 22000 കോടിയുടെ നിക്ഷേപം ആകർഷിക്കാനുമായി. സ്റ്റാർട്ടപ്പുകളുടെ നിലവിലുള്ള ഓർഡറുകൾ അടിസ്ഥാനമാക്കിയുള്ള വായ്പകൾ പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷനും (കെ.എസ്.ഐ.ഡി.സി) സ്റ്റാർട്ടപ് മിഷനും(കെ.എസ്.യു.എം) സംയുക്തമായാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. ഇലക്ട്രോണിക്സ് ഐ.ടി സെക്രട്ടറി ഡോ.രത്തൻ യു.ഖേൽകർ, കെ.എസ്.ഐ.ഡി.സി എം.ഡി എസ്.ഹരികിഷോർ, സ്റ്റാർട്ടപ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ് തുടങ്ങിയവർ സംസാരിച്ചു.
പാനൽ ചർച്ചകളിൽ നൊവാൾട്ട് സോളാർ ആൻഡ് ഇലക്ട്രിക് ബോട്ട്സ് സി.ഇ.ഒ സന്തിത് തണ്ടാശ്ശേരി, ബൈലിൻ മെഡ്ടെക് സി.ഇ.ഒ ഡോ.ലിനി അലക്സാണ്ടർ, ഫ്യൂസ്ലേജ് ഇന്നൊവേഷൻസ് സ്ഥാപകനും എം.ഡിയുമായ ദേവൻ ചന്ദ്രശേഖരൻ, ഗ്രീൻ വേംസ് വേസ്റ്റ് മാനേജ്മെന്റ് എം.ഡി മുഹമ്മദ് ജംഷീർ,കെ.എസ്.ഐ.ഡി.സി എക്സിക്യുട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ ആർ, കിഫ്ബി മുൻ അഡീ. സി.ഇ.ഒ സത്യജീത് രാജൻ, കെ.എഫ്.സി എക്സിക്യുട്ടീവ് ഡയറക്ടർ പ്രേംനാഥ് രവീന്ദ്രനാഥ്, ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വിഷ്ണുരാജ് പി തുടങ്ങിയവർ പങ്കെടുത്തു.
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് കൊച്ചിയിൽ
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ നടക്കും. 22 സെഷനുകളുണ്ടാവും. കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലെ ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ 21ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഐ.കെ.ജി.എസ് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |