അശ്വിൻ കൈകൊണ്ടല്ല തലച്ചോറുകൊണ്ടാണ് പന്തുതിരിക്കുന്നതെന്നാണ് കമന്റേറ്റർമാർ പറയാറുള്ളത്. കളിക്കാനും കളിയെക്കുറിച്ച് സംസാരിക്കാനും കളി നിയമങ്ങൾ വിശദീകരിക്കാനും ബുദ്ധിയും വാക്സാമർത്ഥ്യവുമുള്ള അപൂർവ്വ പ്രതിഭയാണ് ഈ തമിഴ്നാട്ടുകാരൻ. കമ്പ്യൂട്ടറിനെ വെല്ലുന്ന ഓർമ്മയാണ് പഴയ മത്സരങ്ങളെക്കുറിച്ച്. അതുകൊണ്ടുതന്നെ എതിരാളികളായ ബാറ്റർമാരെ കുടുക്കാൻ സൂപ്പർ കമ്പ്യൂട്ടറിന്റെ വേഗത്തിൽ തന്ത്രങ്ങൾ ആവിഷ്കരിക്കും. തനിക്ക് വിളയാടാൻ കഴിയുന്ന പിച്ചാണെന്ന് മനസിലാക്കി കഴിഞ്ഞാൽ എതിരാളി വീഴുംവരെ ആക്രമിക്കുന്ന ശൈലി. കളി ജയിക്കാൻ മങ്കാദിംഗ് ഉൾപ്പടെയുള്ള കളി നിയമങ്ങളെ ഉപയോഗിക്കാനുള്ള ആർജ്ജവം.ഇതൊക്കെയാണ് അശ്വിനെ കളിക്കളത്തിൽ വേറിട്ടുനിറുത്തിയത്.
അനിൽ കുംബ്ളെയ്ക്കും ഹർഭജൻ സിംഗിനും ശേഷം ഇന്ത്യൻ സ്പിന്നിനെ ആരുനയിക്കും എന്ന ചോദ്യത്തിന് ഉത്തരമായി എത്തിയതാണ് അശ്വിൻ. 2010 ജൂണിൽ ശ്രീലങ്കയ്ക്ക് എതിരെ ഏകദിനത്തിലാണ് ആദ്യം ഇന്ത്യൻ കുപ്പായമണിഞ്ഞത്. ബാറ്റുകൊണ്ടും ബാളുകൊണ്ടും മാന്യമായ പ്രകടനമായിരുന്നു ഈ മത്സരത്തിൽ 38 റൺസും രണ്ട് വിക്കറ്റുകളും. ദിവസങ്ങൾക്കകം സിംബാബ്‌വേയിൽ ഹരാരെയിൽ ഒരു വിക്കറ്റോടെ ട്വന്റി-20 അരങ്ങേറ്റം. ഹർഭജനൊപ്പം ഇന്ത്യൻ ടീമിലെ അവിഭാജ്യഘടകമാറുകയായിരുന്നു പിന്നീട്. ടെസ്റ്റിൽ അരങ്ങേറിയത് 2011 നവംബറിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഡൽഹിയിലായിരുന്നു. ആദ്യ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റുകളും രണ്ടാം ഇന്നിംഗ്സിൽ ആറുവിക്കറ്റുകളും വീഴ്ത്തി പ്ളേയർ ഓഫ് ദ മാച്ചായി. മൂന്നാം മത്സരത്തിൽ സെഞ്ച്വറിയും ഒൻപത് വിക്കറ്റുകളും. മൂന്ന് മത്സര പരമ്പരയിൽ ആകെ 121 റൺസും 22 വിക്കറ്റുകളും വീഴ്ത്തി തുടങ്ങിയ അശ്വിൻമേധത്തിനാണ് ഓസ്ട്രേലിയൻ മണ്ണിൽ തിരശീല വീണത്.
106 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 537 വിക്കറ്റുകൾ സ്വന്തമാക്കി ഇന്ത്യൻ ബൗളർമാരിൽ അനിൽ കുംബ്ളെയ്ക്ക് മാത്രം പിന്നിലായാണ് അശ്വിൻ കളി അവസാനിപ്പിക്കുന്നത്. 37 തവണയാണ് ഒരിന്നിംഗ്സിൽ അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിച്ചത്. എട്ടു മത്സരങ്ങളിൽ പത്തോ അതിലേറെയോ വിക്കറ്റുകളും നേടി. ബാറ്റുകൊണ്ടും ടെസ്റ്റിൽ അശ്വമേധം നടത്തിയ അശ്വിൻ ആറു സെഞ്ച്വറികളും 14 അർദ്ധസെഞ്ച്വറികളുമടക്കം 3503 റൺസാണ് സ്വന്തം അക്കൗണ്ടിൽ എഴുതിച്ചേർത്തത്. സെഞ്ച്വറി നേടിയ നാലുമത്സരങ്ങളിൽ അഞ്ചുവിക്കറ്റ് നേട്ടവും സ്വന്തമാക്കാൻ അശ്വിന് കഴിഞ്ഞതുകൊണ്ടാണ് ടെസ്റ്റ് ആൾറൗണ്ടർമാരുടെ പട്ടികയിൽ പലപ്പോഴും ഒന്നാം റാങ്ക് അശ്വിനെത്തേടിയെത്തിയിരുന്നത്.11 പരമ്പരകളിൽ പ്ളേയർ ഒഫ് ദ സിരീസാകാൻ വഴിയൊരുക്കിയതും ആൾറൗണ്ട് അഭ്യാസം തന്നെ.
2011 ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന അശ്വിന്റെ വിളയാട്ടം ശരിക്കും കണ്ടത് 2013ലെ ചാമ്പ്യൻസ് ട്രോഫിയിലാണ്. ബർമിംഗ്ഹാമിൽ ഇംഗ്ളണ്ടിനെതിരായ ഫൈനലിന്റെ അവസാനഓവറിൽ 15 റൺസ് പ്രതിരോധിച്ച അശ്വിൻ ഇന്ത്യയ്ക്ക് കിരീടം നേടിത്തന്നു. നാലോവറിൽ ഒരു മെയ്ഡനടക്കം 15 റൺസ് മാത്രമാണ് അശ്വിൻ ആ മത്സരത്തിൽ വഴങ്ങിയിരുന്നത്. അശ്വിന്റെ ട്വന്റി-20യിലെ ഏറ്റവും ഗംഭീരപ്രകടനം 2016ൽ ശ്രീലങ്കയ്ക്ക് എതിരെ വിശാഖപട്ടണത്തായിരുന്നു. നാലോവറിൽ ഒരു മെയ്ഡനടക്കം എട്ടുറൺസ് മാത്രം വഴങ്ങി നാലുവിക്കറ്റുകൾ. 2014ൽ ഓസ്ട്രേലിയയ്ക്ക് എതിരെയും നാലുവിക്കറ്റ് വീഴ്ത്തിയിരുന്നു. 3.2ഓവറിൽ 11 റൺസായിരുന്നു വഴങ്ങിയത്.
2022ൽ ഓസ്ട്രേലിയയിൽ നടന്ന ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ളണ്ടിനെതിരായ തോൽവിക്ക് ശേഷം അശ്വിൻ ട്വന്റി-20 ഫോർമാറ്റിൽ ഇന്ത്യൻ കുപ്പായമണിഞ്ഞിട്ടില്ല.കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ലോകകപ്പിലെ ഓസ്ട്രേലിയയ്ക്ക് എതിരായ ഗ്രൂപ്പ് മത്സരമായിരുന്നു അവസാന ഏകദിനം. 10 ഓവറിൽ ഒരു മെയ്ഡനടക്കം 34 റൺസ് വഴങ്ങി ഒരു വിക്കറ്റാണ് അന്ന് നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |