ലോകത്ത് ലക്ഷക്കണക്കിന് സമ്പന്നരുണ്ട്. അവരുടെയൊക്കെ ലൈഫ് സ്റ്റൈലും ചർച്ചയാകാറുണ്ട്. പക്ഷേ തായ്‌ലൻഡിലെ രാജാവ് മഹാ വജിരലോങ്‌കോൺ അനുഭവിക്കുന്ന തരത്തിലുള്ള രാജകീയതയും ആഡംബരവും അനുഭവിക്കുന്നവർ വളരെ കുറവാണ്. കിംഗ് രാമ പത്താമൻ എന്നറിയപ്പെടുന്ന അദ്ദേഹം ഒരു ഭരണാധികാരി മാത്രമല്ല, ലോകത്തിലെ ഏറ്റവും ധനികനായ രാജാവാണെന്നും വിശ്വസിക്കപ്പെടുന്നു.
ലോകത്തിൽത്തന്നെ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജാവായിരുന്നു വജിരലോങ്കോണിന്റെ പിതാവ് ഭൂമിബോൾ അതുല്യതേജ്. 2016 ഒക്ടോബർ 13 നാണ് എൺപത്തിയെട്ടുകാരനായ ഭൂമിബോൾ അതുല്യതേജ് അന്തരിച്ചത്. പിന്നാലെ വജിരലോങ്കോൺ സിംഹാസനത്തിലെത്തി.
മറ്റാർക്കും ലഭിക്കാത്ത ഭാഗ്യം
വജിരലോങ്‌കോൺ രാജാവിന്റെ സമ്പത്ത് ഏകദേശം 3.7 ലക്ഷം കോടി രൂപ (ഏകദേശം 43 ബില്യൺ യുഎസ് ഡോളർ) വരുമെന്ന് കണക്കാക്കപ്പെടുന്നു. ഈ സമ്പത്തിന്റെ ഭൂരിഭാഗവും അദ്ദേഹത്തിന് അനന്തരാവകാശമായി ലഭിച്ചതാണ്. പാരമ്പര്യമായി ലഭിച്ച സ്വത്തുക്കൾ കൈവശം വച്ച് അനുഭവിക്കുക മാത്രമായിരുന്നില്ല അദ്ദേഹം ചെയ്തത്. പകരം തായ്‌ലൻഡിലെ ഏറ്റവും വലിയ ചില കമ്പനികളിൽ പണം നിക്ഷേപിച്ച് തന്റെ സാമ്രാജ്യം കൂടുതൽ വികസിപ്പിച്ചു. തായ്‌ലൻഡിലുടനീളം അദ്ദേഹത്തിന് ആയിരക്കണക്കിന് ഏക്കർ ഭൂമി സ്വന്തമായുണ്ട്. ബാങ്കോക്കിൽ മാത്രം 17,000ത്തിലധികം സ്വത്തുവകകൾ ഉണ്ട്.
മെഴ്സിഡസ് ബെൻസ്, ബി എം ഡബ്ല്യു എന്നിവ ഉൾപ്പെടെ മൂവായിരത്തിലധികം ആഡംബര കാറുകൾ രാജാവിന്റെ കൈവശമുണ്ട്. കൂടാതെ 38 സ്വകാര്യ ജെറ്റുകളും ഉണ്ട്, അവയിൽ പലതും രാജകീയ ചിഹ്നങ്ങളും സ്വർണ്ണവും കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
പക്ഷേ, അദ്ദേഹത്തിന്റെ ശേഖരത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം 52 ബോട്ടുകളാണ്. ഇവ സാധാരണ ബോട്ടുകളല്ല, അവ പൂർണ്ണമായും സ്വർണ്ണം കൊണ്ട് ഉണ്ടാക്കിയതാണ്. രാജകീയ പരിപാടികളിൽ മാത്രമേ ഇവ ഉപയോഗിക്കാറുള്ളൂ.
തായ്‌ലൻഡിലെ രാജാവ് ഭൂമിബോളിന്റെയും രാജ്ഞി സിരികിത്തിന്റെയും മകനായി 1952ലാണ് വജിരലോങ്കോൺ ജനിച്ചത്. തായ്‌ലൻഡിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തുടർ പഠനത്തിനായി വിദേശത്തേക്ക് പോയി. യു കെ, ഓസ്‌ട്രേലിയ അടക്കമുള്ള സ്ഥലങ്ങളിൽ ഉപരിപഠനം നേടി.
ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിൽ നിന്ന് സൈനിക പഠനത്തിൽ ബിരുദം നേടി. അദ്ദേഹം ഒരു സർട്ടിഫൈഡ് ഫൈറ്റർ ജെറ്റ്, ഹെലികോപ്ടർ പൈലറ്റും റോയൽ തായ് ആർമിയിൽ മുഴുവൻ സമയ ഉദ്യോഗസ്ഥനുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1970കളിലെ തന്റെ സൈനിക ജീവിതത്തിനിടയിൽ, തായ്ലൻഡിലെ കലാപകാരികൾക്കെതിരായ പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
അദ്ദേഹം നാല് വിവാഹങ്ങൾ കഴിച്ചിട്ടുണ്ട്. വിവാദങ്ങളും വിമർശനങ്ങളും തേടി വന്നിട്ടുണ്ടെങ്കിലും, ലോകത്തിലെ ഭൂരിഭാഗം ആളുകൾക്കും സങ്കൽപിക്കാൻ പോലും കഴിയാത്ത ഒരു ജീവിതമാണ് അദ്ദേഹം നയിക്കുന്നത്.
അതേസമയം, അദ്ദേഹം ഇന്ത്യയിലെ ശതകോടീശ്വരന്മാരായ മുകേഷ് അമ്പാനിയുടെയും ഗൗതം അദാനിയുടെയും അത്ര സമ്പന്നനല്ല.
അംബാനിയുടെയും അദാനിയുടെയും സമ്പത്ത്
മുകേഷ് അംബാനിയും ഗൗതം അദാനിയും ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ രണ്ട് ശതകോടീശ്വരന്മാരായി തുടരുന്നു, എന്നിരുന്നാലും അവരുടെ സമ്പത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.
റിലയൻസ് ചെയർമാൻ മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയാണ്. അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 92.5 ബില്യൺ യു എസ് ഡോളറായി കണക്കാക്കപ്പെടുന്നു. ഫോർബ്സിന്റെ ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ 18ാം സ്ഥാനത്താണ് അദ്ദേഹം.
അദാനി ഗ്രൂപ്പിന്റെ ചെയർമാനായ ഗൗതം അദാനിയുടെ ആസ്തി ഏകദേശം 56.3 ബില്യൺ യു എസ് ഡോളറാണ്. ലോക ശതകോടീശ്വരന്മാരുടെ പട്ടികയിൽ 28ാം സ്ഥാനത്താണ് അദ്ദേഹം. തുറമുഖങ്ങൾ, ഊർജ്ജം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിലാണ് അദാനിയുടെ ബിസിനസ് സാമ്രാജ്യം വ്യാപിച്ചുകിടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |