അമേരിക്ക തങ്ങളുടെ അത്യാധുനിക യുദ്ധവിമാനങ്ങളായ ബി 2 സ്‌പിരിറ്റ് ബോംബറുകൾ ഉപയോഗിച്ച് ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങളാണ് തകർത്തത്. ഇറാനെതിരായുള്ള ഇസ്രയേൽ ആക്രമണങ്ങളിൽ പങ്കാളിയാവുകയായിരുന്നു യുഎസ്. ഇതിനിടെ ചൈനയിലെ ഒരു എയർസ്ട്രിപ്പിൽ യുഎസിന്റെ ബി2 യുദ്ധവിമാനത്തിന് സമാനമായ ഒന്ന് പ്രത്യക്ഷപ്പെട്ടാണ് ചർച്ചയാവുന്നത്. ബി 2വിന്റേതിന് സമാനമായ രൂപവും സ്‌കെയിലുമുള്ള യുദ്ധവിമാനം ചൈനയുടെ മിമിക്രി മാത്രമായിരുന്നില്ല, ഒരു മോഷണത്തിന്റെ ചരിത്രം കൂടി അതിന് പിന്നിലുണ്ട്. പെന്റഗണിന്റെ അതീവ രഹസ്യങ്ങൾ പോലും കൈവെള്ളയിൽ കൊണ്ടുനടന്നിരുന്ന ഇന്ത്യ- അമേരിക്കൻ എഞ്ചിനീയറുടെ ബുദ്ധിയിൽ പിറന്നതാണ് ചൈനയുടെ ഈ ബി 2 യുദ്ധവിമാനം, നിർമാണത്തിനെടുത്തതോ രണ്ട് ദശകങ്ങളും.
ചൈനയിലെ ഏറ്റവും രഹസ്യമായ സൈനിക-വ്യാവസായിക കേന്ദ്രങ്ങളിലൊന്നായ ഷിൻജിയാംഗിൽ ഒരു സ്റ്റെൽത്ത് വിമാനം നിർത്തിയിട്ടിരിക്കുന്നതിന്റെ സാറ്റലൈറ്റ് ചിത്രം 2025 മേയ് 14നാണ് പുറത്തുവന്നത്. 52 അടിയുള്ള ചിറകും വാലില്ലാത്ത ഡിസൈനും വവ്വാലിന്റേതുപോലുള്ള നിഴലും ഉള്ള ഈ വിമാനം അമേരിക്കയുടെ ബി 2വിന് സമാനമായാണ് സാറ്റലൈറ്റ് ചിത്രങ്ങളിൽ കാണപ്പെട്ടത്.
ഏതാണ്ട് രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ്, 2005ൽ, ഹവായിലെ മൗയിയിൽ 3.5 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു ആഡംബര ക്ലിഫ്‌സൈഡ് വില്ല എഫ് ബി ആ ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്തു. ബി 2 ന്റെ അതീവ രഹസ്യ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം രൂപകൽപ്പന ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ച, മുംബയിൽ ജനിച്ച പ്രൊപ്പൽഷൻ എഞ്ചിനീയറായ നോഷിർ ഗോവാദിയ ആയിരുന്നു അവരുടെ ലക്ഷ്യം. റഡാറിൽ നിന്നും ഇൻഫ്രാറെഡിൽ നിന്നും ബോംബറുകളെ ഒരുപോലെ രക്ഷപ്പെടാൻ സഹായിക്കുന്ന എഞ്ചിനീയറിംഗ് അത്ഭുതമാണ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം.
അമേരിക്കയിലെ വിർജീനിയ ആസ്ഥാനമായുള്ള എയറോസ്‌പേസ്, ഡിഫൻസ് ടെക്‌നോളജി കമ്പനിയായ നോർത്രോപ്പ് ഗ്രൂമാൻ കോർപ്പറേഷനിലെ സാങ്കേതിക വിദഗ്ദ്ധനായിരുന്നു നോഷിർ. 20 വർഷങ്ങൾക്കുമുൻപ് ബോംബറിന്റെ അതീവ രഹസ്യങ്ങൾ ചൈനയ്ക്ക് കൈമാറിയതിന് യുഎസിന്റെ എഫ് ബി ഐ ഏജന്റുകൾ നോഷിറിനെ അറസ്റ്റ് ചെയ്തു. നോർത്രോപ്പിൽ 'ബ്ളൂബെറി മിൽക്ക്‌ഷേക്ക്' എന്നറിയപ്പെട്ടിരുന്ന നോഷിർ വെറുമൊരു തൊഴിലാളിയായിരുന്നില്ല, മറിച്ച് ബി 2വിന്റെ കണ്ടുപിടിത്തക്കാരിൽ ഒരാൾ കൂടിയായിരുന്നു.
റെയ്‌ഡിനിടെ നോഷിറിന്റെ വീട്ടിൽ കണ്ട കാഴ്‌ചകൾ എഫ്‌ബിഐ ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. നൂറുകണക്കിന് രേഖകളിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന സ്റ്റെൽത്ത് നോസിലുകളുടെ വിശദമായ സ്കീമാറ്റിക്സ്, ചൈനീസ് ഗവൺമെന്റ് ഉദ്യോഗസ്ഥരുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന ഇമെയിൽ രേഖകൾ എന്നിവ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
ചൈനയുടെ സൈനിക-വ്യാവസായിക ശൃംഖലയുടെ പ്രധാന കേന്ദ്രങ്ങളായ ചെംഗ്‌ഡുവിലേക്കും ഷെൻഷെനിലേക്കും നോഷിർ നിരവധി രഹസ്യ യാത്രകൾ നടത്തിയിരുന്നു. റഡാറിൽ നിന്നും ഇൻഫ്രാറെഡ് സെൻസറുകളിൽ നിന്നും ക്രൂയിസ് മിസൈലുകൾ എങ്ങനെ അപ്രത്യക്ഷമാക്കാമെന്ന് വിശദീകരിക്കുന്ന പവർപോയിന്റുകൾ ചൈനീസ് ഉദ്യോഗസ്ഥർക്ക് ഇവിടെവച്ച് നോഷിർ അവതരിപ്പിച്ചു. പകരമായി, ഓഫ്‌ഷോർ അക്കൗണ്ടുകളിലൂടെയും സ്വിസ് ബാങ്കുകളിലൂടെയും 110,000 ഡോളറിലധികം പ്രതിഫലമാണ് നോഷിറിന് ലഭിച്ചത്. പുതിയ തലമുറ സ്റ്റൈൽത്ത് ആയുധങ്ങൾക്ക് നോഷിർ ചോർത്തിയ രേഖകൾ ബ്ളൂപ്രിന്റ് ആയി മാറിയേക്കാമെന്ന് അന്ന് ചൈനീസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയത് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം യാഥാർത്ഥ്യമാവുകയായിരുന്നു.
ഷിൻജിയാംഗിൽ കണ്ടെത്തിയ വിമാനം ഉയർന്ന ഉയരത്തിൽ പറക്കുന്ന, ദീർഘദൂര (എച്ച് എ എൽ ഇ) സ്റ്റെൽത്ത് ഡ്രോൺ ആണെന്നാണ് റിപ്പോർട്ടുകൾ. ബി 2നുള്ള ചൈനയുടെ ഉത്തരമായ എച്ച് -20 ബോംബറിനായി ഉദ്ദേശിച്ചിട്ടുള്ള സാങ്കേതികവിദ്യകൾക്കായുള്ള ഒരു പരീക്ഷണശാലയായിരിക്കാം ഈ വിമാനമെന്നും നിഗമനങ്ങളുണ്ട്. ഷിൻജിയാംഗിൽ പുതുതായി നിർമ്മിച്ച ഹാംഗറുകളും ശക്തിപ്പെടുത്തിയ ഷെൽട്ടറുകളും, ആണവ അടിസ്ഥാന സൗകര്യങ്ങൾക്ക് സമീപത്തായി സ്ഥിതി ചെയ്യുന്നതും, കപ്പലിന്റെ സാന്നിധ്യവും എല്ലാം ഇതൊരു പ്രോട്ടോടൈപ്പ് അല്ലെന്ന സൂചനയാണ് നൽകുന്നത്.
2016ലാണ് ചൈന ആദ്യമായി എച്ച്-20 പദ്ധതി അവതരിപ്പിച്ചത്. എന്നാലത് പിന്നീട് ബ്രീഫിംഗുകളിൽ ഒതുങ്ങി. പിന്നീട് ഈ പദ്ധതിയെക്കുറിച്ച് ഒരു വിവരവും പുറത്തുവന്നിരുന്നില്ല. ഇതിനുശേഷമാണ് 20 കൊല്ലങ്ങൾക്ക് അപ്പുറം ചൈനയിൽ നിന്ന് ചിത്രങ്ങൾ പുറത്തുവന്നത്. ഈ ഡ്രോണിന്റെ അളവുകൾ - ബി 2ന്റെ 52.4 മീറ്റർ ചിറകുകൾക്ക് ഏതാണ്ട് യോജിക്കുന്നതാണ്. ഡ്രോണിന്റെ ഫ്ളൈയിംഗ്-വിംഗ് ഡിസൈനും ബി 2വിന് സമാനമാണ്.
ബി 2 എക്‌സ്‌ഹോസ്റ്റിന്റെ മുഴുവൻ ജ്യാമിതിയും തന്നിൽ നിന്നാണ് വന്നതെന്ന് ഒരിക്കൽ നോഷിർ ഗോവാദിയ പറഞ്ഞിട്ടുണ്ട‌്. നിലവിൽ ഫ്ളോറൻസിലെ തടവറയിൽ 32 വർഷമായി ജയിൽവാസം അനുഭവിക്കുകയാണ് നോഷിർ. താൻ ചാരവൃത്തി ചെയ്തതെന്നും രാജ്യദ്രോഹക്കുറ്റം ചെയ്തെന്നും നോഷിർ കുറ്റസമ്മതം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |