അബുദാബി: വലിയ ബിസിനസ് നിക്ഷേപങ്ങളോ വസ്‌തുക്കളോ ഇല്ലാതെ തന്നെ ഇന്ത്യക്കാർക്കും യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കാൻ അവസരം. കൂടുതലും നോമിനേഷന്റെ അടിസ്ഥാനത്തിലുള്ളതാണ് പുതിയ ഗോൾഡൻ വിസ. നേരത്തെ ഇന്ത്യക്കാർക്ക് ഗോൾഡൻ വിസ ലഭിക്കണമെങ്കിൽ യുഎഇയിലെ ബിസിനസിലോ വസ്‌തുവകകളിലോ കുറഞ്ഞത് രണ്ട് മില്യൺ ദിർഹമിന്റെ (4.66 കോടി രൂപ) നിക്ഷേപം ആവശ്യമായിരുന്നു. നോമിനേഷൻ അടിസ്ഥാനത്തിലെ പുതിയ വിസ നയപ്രകാരം 1,00,000 ദിർഹം (23.30 ലക്ഷം രൂപ) തുകയടച്ച് ഗോൾഡൻ വിസ നേടാം.
ഇതിനോടകം തന്നെ 5000ൽ അധികം ഇന്ത്യക്കാർ പുതിയ ഗോൾഡൻ വിസ നേടാനുള്ള തയ്യാറെടുപ്പിലാണെന്ന് അധികൃതർ പറഞ്ഞു. ഇന്ത്യൻ പൗരന്മാർക്ക് പുറമെ ബംഗ്ളാദേശികൾക്കും പുതിയ ഗോൾഡൻ വിസ നേടാനുള്ള അവസരം യുഎഇ നൽകുന്നു. ഇന്ത്യക്കാർക്കായുള്ള വിസയുടെ ആദ്യഘട്ട പരീക്ഷണങ്ങൾ നടത്താൻ കൺസൾട്ടൻസി സ്ഥാപനമായ റയാദ് ഗ്രൂപ്പിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇന്ത്യക്കാർക്ക് പുതിയ വിസ നേടാനുള്ള സുവർണാവസരമാണെന്ന് റയാദ് ഗ്രൂപ്പ് എംഡി കമൽ അയൂബ് ചൂണ്ടിക്കാട്ടി. ഇന്ത്യ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിലെ പരീക്ഷണത്തിനുശേഷം മറ്റ് പങ്കാളി രാജ്യങ്ങളിലേയ്ക്കും വിസാ സൗകര്യം വ്യാപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
പുതിയ ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ ക്രിമിനൽ പശ്ചാത്തലമടക്കം പരിശോധിച്ചതിനുശേഷമായിരിക്കും അപേക്ഷ സ്വീകരിക്കുന്നതെന്ന് കമൽ അയൂബ് വ്യക്തമാക്കി. ഇവരുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളും പരിശോധിക്കും. സംസ്‌കാരം, ധനകാര്യം, വ്യാപാരം, സയൻസ്, സ്റ്റാർട്ടപ്പ്, പ്രൊഫഷണൽ സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ യുഎഇ വിപണികൾക്കും ബിസിനസുകൾക്കും അപേക്ഷകരിൽ നിന്ന് ഏതെങ്കിലും തരത്തിലെ ഗുണമുണ്ടാകുമോ എന്നതും വിലയിരുത്തും. ഇതിനുശേഷം റയാദ് ഗ്രൂപ്പ് അപേക്ഷ യുഎഇ സർക്കാരിന് കൈമാറും. സർക്കാർ അധികൃതരായിരിക്കും അപേക്ഷയിൽ അവസാന തീരുമാനം കൈക്കൊള്ളുന്നതെന്നും റയാദ് ഗ്രൂപ്പ് എംഡി അറിയിച്ചു.
അപേക്ഷ നൽകുന്നതിനോടനുബന്ധിച്ച് അപേക്ഷകർക്ക് ദുബായ് സന്ദർശിക്കേണ്ടതായി വരും. ഇതിന് മാതൃരാജ്യത്തുനിന്ന് അനുമതിയും തേടേണ്ടതുണ്ട്. ഇന്ത്യയിലെയും ബംഗ്ളാദേശിലെയും വാസ്കോ (വിസ കൺസീർജ് സർവീസ് കമ്പനി) സെന്ററുകൾ, രജിസ്‌ട്രേഡ് ഓഫീസുകൾ, ഓൺലൈൻ പോർട്ടലുകൾ, കോൾ സെന്ററുകൾ തുടങ്ങിയവ മുഖേന അപേക്ഷ നൽകാമെന്നും കമൽ അയൂബ് പറഞ്ഞു.
യുഎഇയിലെ വസ്‌തുവകകൾ വിൽക്കുകയോ ഭാഗം ചെയ്യുകയോ ചെയ്‌താൽ പ്രോപ്പർട്ടി അടിസ്ഥാനത്തിലെ വിസ അവസാനിക്കും. എന്നാൽ നോമിനേഷൻ അടിസ്ഥാനത്തിലെ വിസ എക്കാലവും ഉണ്ടായിരിക്കും. കുടുബം, വീട്ടുജോലിക്കാർ, ഡ്രൈവർമാർ തുടങ്ങിയവരെയും പുതിയ വിസ പ്രകാരം യുഎഇയിൽ എത്തിക്കാം. മാത്രമല്ല, യുഎഇയിൽ ബിസിനസ് ചെയ്യാനോ പ്രൊഫഷണൽ ജോലികളിൽ ഏർപ്പെടാനോ പുതിയ വിസ സഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |