വാഷിംഗ്‌ടൺ: ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമറിന്റെ ഭാഗമായി ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങൾ തകർക്കുന്നതിന് ആറ് ബി2 ബോംബറുകളാണ് അമേരിക്ക വിന്യസിച്ചതെന്നാണ് റിപ്പോർട്ട്. മിസോറിയിലെ വൈറ്റ്‌മാൻ വ്യോമസേനാ താവളത്തിൽ നിന്ന് ഇറാനിലേയ്ക്കും തിരിച്ചും 37 മണിക്കൂർ യാത്ര ചെയ്താണ് അമേരിക്കൻ ട്രൂപ്പ് ആക്രമണം നടത്തിയത്. ജൂൺ 21ന് വെറും 25 മിനിട്ട് ആക്രമണം നടത്തിയാണ് യുഎസ് ഇറാനിലെ ആണവകേന്ദ്രങ്ങൾ തകർത്തത്.
യുദ്ധവിമാനമായ ബി2വിൽ ഒരു ആഡംബര ഹോട്ടൽ മുറിക്ക് സമാനമായ സൗകര്യങ്ങളാണുള്ളത്. കിടക്ക, ടോയ്‌ലറ്റ്, മൈക്രോവേവ്, ഒരു മിനി ഫ്രിഡ്‌ജ് എന്നിവ വിമാനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. കോക്‌പിറ്റിൽ ഒരാൾക്ക് കിടന്നുറങ്ങാനുള്ള സൗകര്യവുമുണ്ട്. ആകാശത്തുവച്ചുതന്നെ വിമാനത്തിൽ ഇന്ധനം നിറയ്ക്കാനുള്ള സംവിധാനവുമുണ്ട്. രണ്ട് ബില്യൺ യുഎസ് ഡോളറാണ് ഒരു ബി2 വിമാനത്തിന്റെ മൂല്യം. യുഎസ് വ്യോമസേനയുടെ പക്കൽ നിലവിൽ 19 ബി2 വിമാനങ്ങളാണുള്ളത്. എന്നാൽ എല്ലാ ബോംബർ വിമാനങ്ങളിലും ആഡംബര സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. 24 മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന ഓപ്പറേഷനുകൾക്കായി ഉപയോഗിക്കുന്ന ബി 2 സ്‌പിരിറ്റ്, ബി 52 സ്ട്രാറ്റോഫോർട്രസ് തുടങ്ങിയവയിലാണ് മേൽപ്പറഞ്ഞ സംവിധാനങ്ങളുള്ളത്.
14 ജിബിയു -57 മാസിവ് ഓർഡനൻസ് പെനട്രേറ്ററുകൾ, 30,000 പൗണ്ട് ബങ്കർ-ബസ്റ്ററുകൾ എന്നിവയാണ് യുഎസ് ബി2 ബോംബറുകൾ ഇറാനുമേൽ വർഷിച്ചത്. പൂർണ നിശബ്ദതയിലായിരുന്നു ഓപ്പറേഷൻ നടന്നത്. സോവിയറ്റ് യൂണിയന് ആണവ ബോംബുകൾ എത്തിക്കാനായിരുന്നു തുടക്കത്തിൽ ബി 2 ബോംബറുകൾ നിർമിച്ചത്. 172 അടിയാണ് ഇവയുടെ ചിറകുകളുടെ വിസ്‌തീർണം. രണ്ട് പൈലറ്റുമാരെ വഹിക്കാനുള്ള ശേഷിയാണ് ഇവയ്ക്കുള്ളത്. രണ്ട് ദിവസംവരെ ഓട്ടോമേഷനിൽ പ്രവർത്തിക്കാൻ ഇവയ്ക്കാവും. ദീർഘനേര ഓപ്പറേഷനുകളായതിനാൽ ബി2 ബോംബറുകളുടെ പൈലറ്റുമാർക്ക് പ്രത്യേക പരിശീലനം നൽകാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |