
ന്യൂഡൽഹി: ഗൾഫ് മേഖലയിൽ നാളെ നടത്താനിരുന്ന സിബിഎസ്ഇ പരീക്ഷകൾ മാറ്റി. ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ശേഷിക്കുന്ന പരീക്ഷകളും മാറ്റിവയ്ക്കുമോ എന്ന് വ്യക്തമല്ല. യുഎഇ, ബെഹ്റെയ്ൻ, ഇറാൻ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലെ പരീക്ഷകളാണ് മാറ്റിയത്.
ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കുനേരെ ഇറാൻ ആക്രമണം ശക്തമാക്കിയതിനെത്തുടർന്ന് ഇവിടെ സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റുകയും ചെയ്തു. ബോർഡ് പരീക്ഷകൾ നടക്കുന്നതിനാൽ സ്ഥിതിഗതികളിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലായിരുന്നു. പരീക്ഷകൾ മാറ്റിവച്ചതോടെ ആശങ്ക താൽക്കാലികമായി ഒഴിഞ്ഞിരിക്കുകയാണ്.
അതിനിടെ, ഗൾഫ് രാജ്യങ്ങളിൽ ഇറാൻ ആക്രമണം ശക്തമാക്കി . ദോഹയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ ഇറാന്റെ മിസൈൽ അവശിഷ്ടങ്ങൾ വീണ് വൻ തീപിടിത്തമുണ്ടായതായി റിപ്പോർട്ടുണ്ട്. വ്യോമപ്രതിരോധത്തിന്റെ ഭാഗമായി ആകാശത്തുവച്ച് തകർത്ത മിസൈലിന്റെ അവശിഷ്ടങ്ങളാണ് അഗ്നിബാധയ്ക്ക് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. ഇവിടെ ആർക്കെങ്കിലും ജീവഹാനി ഉണ്ടാവുകയോ പരിക്കേൽക്കുകയോ ചെയ്തതായി റിപ്പോർട്ടില്ല.തീപിടിത്തത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണവും ലഭിച്ചിട്ടില്ല. മിസൈൽ ആക്രമണത്തിൽ ബഹ്റെയ്നിലെ ഹോട്ടൽ കെട്ടിടത്തിന് തീപിടിച്ചതായും വിവരമുണ്ട്. ഒമാനിലും ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്.
ബഹ്റെയ്ൻ തലസ്ഥാനമായ മനാമയിലും ഇറാൻ മിസൈൽ ആക്രമണം നടത്തി. എന്നാൽ ആകാശത്തുവച്ച് അവ തകർക്കുകയായിരുന്നു. രാജ്യത്ത് അമേരിക്കൻ സൈനിക താവളങ്ങളുടെ പരിസരത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ആക്രമണം ഉണ്ടായേക്കാം എന്ന മുന്നറിയിപ്പിനെത്തുടർന്നാണിത്. കഴിയുന്നതും വീടുകളിൽ തന്നെ തുടരാനാണ് ജനങ്ങളോട് അധികൃതർ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |