ദുബായ്: ബഡ്ജറ്റ് എയർലൈൻ ആയ വിസ് എയർ അബുദാബിയിലേക്കുള്ള സർവീസ് അവസാനിപ്പിക്കുന്നതോടെ യുഎഇയിലെ ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കുമോയെന്ന ആശങ്കയിലാണ് വിമാന യാത്രക്കാർ. വിതരണം, ആവശ്യം, വിപണി ചലനാത്മകത തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരിക്കും ടിക്കറ്റ് നിരക്കുകൾ നിർണയിക്കുകയെന്ന് ഇത്തിഹാദ് എയർവേസ് സിഇഒ അന്റോനാൾഡോ നീവ്‌സ് വ്യക്തമാക്കി.
'വിപണിയാണ് രാജാവ്, അതിനാൽതന്നെ ആരൊക്കെ വരുന്നു, പോകുന്നു എന്നത് പ്രധാനമല്ല. വിതരണവും ഡിമാൻഡും എങ്ങനെയായിരിക്കും എന്നതാണ് പ്രധാനം. ഡിമാൻഡ് കുറയുമ്പോൾ ടിക്കറ്റ് നിരക്കും കുറയും. ഡിമാൻഡിനും മത്സരത്തിനും അനുസരിച്ചാണ് നമ്മൾ നിരക്ക് നിശ്ചയിക്കുന്നത്. ഡിമാൻഡ് ഉയരുകയും ആവശ്യത്തിന് വിമാനങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നിരക്ക് ഉയരും. ഇത്തിഹാദ് കൂടുതൽ പണം ഈടാക്കുന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്'- നീവ്‌സ് വിശദമാക്കി.
'ഫ്ളൈദുബായ്, എമിറേറ്റ്‌സ്, ഇത്തിഹാദ്, എയർ അറേബ്യ എന്നിങ്ങനെ യുഎഇയിൽ നാല് മികച്ച എയർലൈനുകളാണുള്ളത്. എല്ലാവരും പണമുണ്ടാക്കുന്നു. പ്രീമിയം കാരിയറുകൾ, ലോ-കോസ്റ്റ് കാരിയറുകൾ, ഇന്റർമീഡിയറ്റ് കാരിയറുകൾ എന്നിവയ്ക്കുള്ള ഇടമുണ്ട്. ലോകത്തിലെ ഏറ്റവും നല്ല മാർക്കറ്റുകളിലൊന്നാണ് യുഎഇ'-നീവ്‌സ് കൂട്ടിച്ചേർത്തു.
അബുദാബിയിലേക്കുള്ള സർവീസ് 2025 സെപ്റ്റംബർ ഒന്ന് മുതൽ നിർത്തുമെന്നാണ് വിസ് എയർ പ്രഖ്യാപിച്ചിരിക്കുന്നത്. ചെലവ് ചുരുക്കുന്നതിനും യൂറോപ്യൻ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും വേണ്ടിയാണ് കമ്പനിയുടെ പുതിയ തീരുമാനം. അബുദാബിയിലേക്കുള്ള എല്ലാ സർവീസുകളും നിർത്തിവയ്ക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വിസ് എയറിന്റെ 79 ദിർഹം മുതലുള്ള ടിക്കറ്റ് യുഎഇ യാത്രക്കാർക്കിടയിൽ ഏറെ ഹിറ്റായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |