മോസ്‌കോ: 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് കംചത്ക ഉപദ്വീപിൽ പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് റഷ്യയുടെ അടിയന്തര സേവന മന്ത്രാലയം പിൻവലിച്ചു. അതേസമയം, തീരത്തുനിന്ന് മാറിത്താമസിക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. സുനാമി സാദ്ധ്യതയില്ലെന്നാണ് പസഫിക് സുനാമി മുന്നറിയിപ്പ് സംവിധാനം വ്യക്തമാക്കുന്നത്. അതിനിടെ, 600 വർഷത്തിനിടെ ആദ്യമായി കംചത്കയിലെ ക്രാഷെനിന്നിക്കോവ് അഗ്നിപർവ്വതം ഒറ്റരാത്രികൊണ്ട് പൊട്ടിത്തെറിച്ചതായി റഷ്യൻ വാർത്താ ഏജൻസികളും ശാസ്ത്രജ്ഞരും റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞയാഴ്‌ച റഷ്യയുടെ വിദൂര കിഴക്കൻ മേഖലയിലെ കംചത്ക ഉപദ്വീപിന് സമീപം കടലിനടിയിൽ ഭൂകമ്പമുണ്ടായതിന് പിന്നാലെ റഷ്യ, ജപ്പാൻ, യുഎസ് തീരങ്ങളിൽ സുനാമിത്തിരകൾ ആഞ്ഞടിച്ചിരുന്നു. ജൂലായ് 30ന് ഇന്ത്യൻ സമയം പുലർച്ചെ 4.54നാണ് റിക്ടർ സ്കെയിലിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. തുടർന്ന് റഷ്യ അടക്കം പസഫിക് തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ മേഖലയിൽ ശക്തമായ തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് റഷ്യൻ ശാസ്ത്രജ്ഞർ ബുധനാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.
600 വർഷത്തിനിടെ ചരിത്രപരമായി സ്ഥിരീകരിച്ച ആദ്യ ക്രാഷെനിന്നിക്കോവ് അഗ്നിപർവ്വത സ്ഫോടനമാണിതെന്ന് കംചത്ക അഗ്നിപർവ്വത സ്ഫോടന പ്രതികരണ സംഘത്തിന്റെ തലവനായ ഓൾഗ ഗിരിന അറിയിച്ചു. അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന് 6,000 മീറ്റർ (3.7 മൈൽ) വരെ ചാരനിറം ഉയർന്നതായി റഷ്യയുടെ അടിയന്തര സേവന മന്ത്രാലയത്തിന്റെ കംചത്ക ബ്രാഞ്ച് അറിയിച്ചു. 1,856 മീറ്ററാണ് അഗ്നിപർവ്വതത്തിന്റെ ഉയരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |