ബംഗളൂരു :ഹെപ്പറ്രൈറ്രിസ് ബാധിച്ച് ഗുരുതരാവസ്ഥയിലാണ് രോഗി. അവയവമാറ്റത്തിൽ കൃത്യസമയത്ത് കരൾ എത്തിക്കണം. അതും 30 കിലോമീറ്റർ അകലെ. ബംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിൽ ഒരിക്കലും സമയത്ത് എത്താൻ കഴിയില്ല. ഒടുവിൽ അവർ പരിഹാരം കണ്ടെത്തി. ബംഗളൂരുവിന്റെ ' നമ്മ മെട്രോ". വൈറ്റ് ഫീൽഡിലെ വൈദേഹി ആശുപത്രിയിൽ നിന്ന് രാജരാജേശ്വരീനഗറിലെ സ്പർശ് ആശുപത്രിയിലേക്ക് വാഹനാപകടത്തിൽ മരിച്ച 24കാരന്റെ കരളുമായി അവർ മെട്രോയിൽ കയറി.
ഒരു ഡോക്ടറും ഏഴ് നഴ്സുമാരും ചേർന്ന് ആ കരളിനെ കാത്തു. സാധാരണ മെട്രോ സർവീസിലായിരുന്നു യാത്ര. അവസാന കോച്ച് മെഡിക്കൽ സംഘത്തിന് മാത്രമായി നൽകി. വെള്ളിയാഴ്ച രാത്രി 8.42നാണ് പുറപ്പെട്ടത്. 31 കലോമീറ്ററും 30 മെട്രോ സ്റ്റേഷനുകളും താണ്ടി 55 മിനിറ്റിനുള്ളിൽ രാജരാജേശ്വരി നഗറിലെ മെട്രോ സ്റ്റേഷനിലെത്തി. അവിടെ കാത്തുകിടന്ന ആംബുലൻസ് വഴി ആശുപത്രിയിലെത്തിച്ചു. ശസ്ത്രക്രിയ വിജയം. രോഗി സുരക്ഷിതൻ.
വൈറ്റ് ഫീൽഡ്, രാജരാജേശ്വരി നഗർ മെട്രോ സ്റ്റേഷനുകളിൽ കരളുമായി വരുന്ന ഡോക്ടറെയും നഴ്സുമാരെയും സ്വീകരിക്കാനും യാത്രയ്ക്കുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താനും സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരും തയാറായിരുന്നു. ഇത്തരമൊരു മെഡിക്കൽ ആവശ്യത്തിന് ഇതാദ്യമായാണ് ബംഗളൂരു മെട്രോ ഉപയോഗിക്കുന്നത്. കൃത്യസമയത്ത് കരൾ ആശുപത്രിയിലെത്തിക്കാനായതായി മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു.
മെട്രോ ഞങ്ങൾക്ക് ഏറ്റവും വേഗയേറിയതും സുരക്ഷിതവുമായ യാത്ര നൽകി. പൂർണഹൃദയത്തോടെ പിന്തുണച്ചതിന് നന്ദി
- ആശുപത്രി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |