ന്യൂഡൽഹി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്‌ത്രീകൾക്കെതിരെ മൊഴി നൽകിയില്ലെങ്കിൽ മാനഭംഗപ്പെടുത്തുമെന്നും സഹോദരനെ കൊല്ലുമെന്നും ജ്യോതി ശർമ്മ അടക്കം ബജ്‌റംഗ്‌ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന പെൺകുട്ടികളുടെ പരാതി. പെൺകുട്ടികളിൽ ലളിത ഉസെൻധി, സുഖ്തി മണ്ഡാവി എന്നിവർ ഓർച്ച പൊലീസ് സ്റ്റേഷനിലും കമലേശ്വരി പ്രധാൻ കുക്കുട ജോർ പൊലീസ് സ്റ്റേഷനിലുമാണ് പരാതി നൽകിയത്.
ദുർഗ് സ്റ്റേഷനിൽ ജ്യോതി ശർമ്മയുടെ നേതൃത്വത്തിൽ 150 ഒാളം ആളുകളാണ് തങ്ങളെ വളഞ്ഞ് ഭീഷണിപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു. ചിലർ തങ്ങളെ ആക്രമിക്കാനും മുതിർന്നു. റെയിൽവേ പൊലീസിനെ മുറിക്ക് പുറത്തിറക്കി വാതിൽ അടച്ച ശേഷമായിരുന്നു ഇതെല്ലാം. ഹിന്ദു മതത്തിൽ ജീവിച്ചിട്ട് മറ്റു മതത്തിൽ പോകുന്നോ എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി.
സിസ്റ്റർമാർക്കെതിരായ ആരോപണങ്ങൾ എഴുതിയ കടലാസിൽ ഒപ്പിടാൻ പൊലീസ് നിർബന്ധിച്ചു. ഷെൽട്ടർ ഹോമിൽ ആരോടും മിണ്ടാതെയും ഫോൺ ഉപയോഗിക്കാതെയും കഴിയണമെന്നും പൊലീസ് ആവശ്യപ്പെട്ടെന്നും പരാതിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |