
അബുദാബി: സ്വർണ ബിസ്‌കറ്റിൽ 15,000 ദിർഹം (മൂന്ന് ലക്ഷം രൂപ) നിക്ഷേപിച്ച പ്രവാസിക്ക് ലഭിച്ചത് 50 ഇരട്ടി വിലപിടിപ്പുള്ള ഗോൾഡ് മെഴ്‌സിഡസ് കാർ. അൽ ഹബ്‌തൂരിലെ കോൾ സെന്ററിൽ ജോലി ചെയ്യുന്ന സുമിത് എന്ന ശ്രീലങ്കൻ സ്വദേശിക്കാണ് ജാക്ക്‌പോട്ട് ലഭിച്ചത്. 20 വർഷമായി യുഎഇയിൽ ജോലി ചെയ്യുകയാണിയാൾ.
സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് ദുബായിലെ ഗോൾഡ് ഡിസ്‌ട്രിക്റ്റിൽ നിന്ന് സുമിത് സ്വർണ ബിസ്‌കറ്റ് വാങ്ങിയത്. ആദ്യമായി ഗോൾഡ് ഡിസ്‌ട്രിക്റ്റിൽ എത്തിയതായിരുന്നു അദ്ദേഹം. ഇവിടെ നിന്ന് സമ്മാനക്കൂപ്പണുകളും ലഭിച്ചിരുന്നു. ഓരോ 500 ദിർഹത്തിനും ഒരു വൗച്ചർ ആണ് സമ്മാനമായി ലഭിക്കുക. 15,000 ദിർഹമിന് സ്വർണ ബിസ്‌കറ്റ് വാങ്ങിയതിനാൽ അദ്ദേഹത്തിന് 30 വൗച്ചറുകൾ ലഭിച്ചു. ഇതിൽ ഒരു വൗച്ചറിന്റെ സമ്മാനമായാണ് സ്വർണ നിറത്തിലെ മെഴ്‌സിഡസ് സുമിത്തിന് ലഭിച്ചത്.
കടയിൽ നിന്ന് തിരികെ പോകുമ്പോൾ കാറിനുമുന്നിൽ നിന്ന് ഫോട്ടോ എടുത്തിരുന്നുവെന്നും എന്നാലത് സ്വന്തമാക്കാൻ സാധിക്കുമെന്ന് കരുതിയില്ലെന്നും സുമിത് വെളിപ്പെടുത്തി. ദിവസങ്ങൾക്കുശേഷം ജോലി കഴിഞ്ഞ് വീട്ടിലെത്തി ഉറങ്ങുമ്പോഴാണ് ഭാഗ്യദേവതയുടെ രൂപത്തിൽ ഫോൺകോൾ വന്നത്. ആദ്യം വിശ്വസിക്കാൻ സാധിച്ചില്ലെന്നാണ് സുമിത് പങ്കുവച്ചത്. കുറേപ്പേർ കാർ വിറ്റ് പണം അക്കൗണ്ടിൽ നിക്ഷേപിക്കാൻ ഉപദേശിച്ചുവെന്നും എന്നാൽ കാർ തുടർന്നും ഉപയോഗിക്കാൻ തന്നെയാണ് തീരുമാനമെന്നും സുമിത് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |