അബുദാബി: യുഎഇയിലെ മലയാളികളുടെ ബഡ്ജറ്റ് എയർലൈൻ ആയ വിസ് എയർ അബുദാബിയിലേക്കുള്ള സർവീസ് 2025 സെപ്റ്റംബർ ഒന്ന് മുതൽ നിർത്തുമെന്ന് പ്രഖ്യാപിച്ചു. ചെലവ് ചുരുക്കുന്നതിനും യൂറോപ്യൻ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് കമ്പനിയുടെ പുതിയ തീരുമാനം. അബുദാബിയിലേക്കുള്ള എല്ലാ സർവീസുകളും നിർത്തിവയ്ക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
നിലവിൽ യാത്ര ബുക്ക് ചെയ്തവർ മറ്റ് വിമാനങ്ങളെ ആശ്രയിക്കേണ്ടിവരും. ഇത് ചെലവ് വർദ്ധിപ്പിക്കാനും കാരണമായേക്കാം. വിസ് എയറിന്റെ വളരെ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ പലപ്പോഴും രണ്ടോ മൂന്നോ മാസം മുമ്പേ ബുക്ക് ചെയ്യാറുണ്ട്. ഇപ്പോൾ, മറ്റ് എയർലൈനുകളുമായി താരതമ്യം ചെയ്യുമ്പോൾ യാത്രക്കാർക്ക് ഗണ്യമായി ഉയർന്ന നിരക്കുകൾ നേരിടേണ്ടിവരുമെന്ന് ട്രാവൽ ഏജൻസിയായ പ്ലൂട്ടോ ട്രാവലിലെ മനേജിംഗ് പാർട്ണർ, ഭാരത് ഐദാസാനി പറഞ്ഞു.
വിതരണ ശൃംഖലയിലെ നിയന്ത്രണങ്ങൾ, ഭൗമരാഷ്ട്രീയ അസ്ഥിരത, പരിമിതമായ വിപണി പ്രവേശനം എന്നിവയാണ് അബുദാബിയിൽ നിന്ന് പിന്മാറാനുള്ള പ്രധാന കാരണങ്ങളായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. 2025 ഓഗസ്റ്റ് 31 ന് ശേഷം ബുക്കിംഗ് നടത്തിയ യാത്രക്കാർ റീഫണ്ട് അല്ലെങ്കിൽ ഇതര യാത്രാ ക്രമീകരണങ്ങൾക്കുള്ള ഓപ്ഷനുകൾക്കായി ഇമെയിൽ വഴി വിസ് എയറിനെ ബന്ധപ്പെടേണ്ടതാണ്. കമ്പനിയുമായി നേരിട്ട് ബുക്ക് ചെയ്യാത്തവർ അവരുടെ യാത്ര ഏജന്റുമാരുമായി ബന്ധപ്പെടണമെന്നും കമ്പനി അറിയിച്ചു.
അബുദാബിയിൽ നിന്ന് ലോകത്തിന്റെ വിവിധ നഗരങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന വിമാനക്കമ്പനിയാണ് വിസ് എയർ. അവധിക്കാലം ചെലവഴിക്കാൻ പ്രവാസി മലയാളികൾ ഉൾപ്പടെ തിരഞ്ഞെടുക്കുന്ന ബഡ്ജറ്റ് എയർലൈനുകളിൽ ഒന്നായിരുന്നു ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |