ലണ്ടൻ: സഹപ്രവർത്തകയെ നിരന്തരം അവഹേളിക്കുകയും കണ്ണുരുട്ടി ഭീഷണിപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്ത ഇന്ത്യക്കാരിയായ ഡോക്ടർക്കെതിരെ ലണ്ടൻ തൊഴിൽ ട്രൈബ്യൂണൽ കോടതി വിധി. ദന്തഡോക്‌ടറായ ജിസ്‌ന ഇഖ്‌ബാലിനെതിരെയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഡെന്റൽ നഴ്‌സ് ആയ മോറിൻ ഹോവിസണ് 25,254 പൗണ്ട് (ഏകദേശം 30 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവ്.
ലണ്ടനിലെ എഡിൻബർഗ് ഗ്രേറ്റ് ജംഗ്‌ഷൻ ഡെന്റൽ കേന്ദ്രത്തിൽ നടന്ന തർക്കമാണ് കോടതിയിലെത്തിയത്. 40 വർഷത്തിലേറെ തൊഴിൽപരിചയമുള്ള നഴ്‌സാണ് മോറിൻ. ഡെന്റൽ തെറാപ്പിസ്റ്റായ ജിസ്‌ന ജോലിസ്ഥലത്തുവച്ച് നിരന്തരം അനാദരവ് കാട്ടുകയും തുറിച്ചുനോക്കുകയും കണ്ണുരുട്ടുകയും ചെയ്തുവെന്നാണ് മോറിന്റെ പരാതി. ഇന്ത്യയിൽ ദന്തഡോക്‌ടറായിരുന്നുവെങ്കിലും യുകെയിൽ പ്രാക്‌ടീസ് ചെയ്യാൻ ജിസ്‌ന യോഗ്യത നേടിയിരുന്നില്ല. ക്ളിനിക്കിൽ മോറിൻ ചെയ്തുവന്ന റിസപ്ഷനിസ്റ്റിന്റെ ജോലിയും ജിസ്‌നയ്ക്ക് ചെയ്യേണ്ടതായി വന്നു. കഴിഞ്ഞവർഷം സെപ്തംബറിൽ മോറിൻ ജോലിസ്ഥലത്ത് കരഞ്ഞതാണ് ഇരുവരും തമ്മിലെ പ്രശ്‌നങ്ങൾ വഷളാക്കിയത്.
മോറിനും ജിസ്‌നയും തമ്മിലെ പ്രശ്നങ്ങൾ സംബന്ധിച്ച രേഖകളും തെളിവുകളും ട്രൈബ്യൂണലിൽ ഹാജരാക്കിയിരുന്നു. മോറിന്റെ ആരോപണങ്ങൾ ജിസ്‌ന നിഷേധിച്ചെങ്കിലും കോടതി വിധി എതിരായിരുന്നു. മോറിൻ ഭീഷണിക്കും ഒറ്റപ്പെടുത്തലിനും ഇരയായെന്ന് കോടതി കണ്ടെത്തി. ജോലി സ്ഥലത്തെ ഇത്തരം പ്രവൃത്തികൾ ഭീഷണിപ്പെടുത്തലായി കണക്കാക്കാമെന്നും ഇത്തരം പ്രവൃത്തികൾ തുടർന്നാൽ തൊഴിലുടമ ഉത്തരവാദിയായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |