സ്കിൽ കേരള ഉച്ചകോടിക്ക് സമാപനം
കൊച്ചി: വിജ്ഞാനാധിഷ്ഠിത വ്യവസായത്തിന്റെ ഹബ്ബായി കേരളത്തെ വികസിപ്പിക്കാനുള്ള പരിശ്രമത്തിലാണ് സംസ്ഥാന സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ.ഡിസ്ക്) കൊച്ചിയിൽ സംഘടിപ്പിച്ച സ്കിൽ കേരള ഗ്ലോബൽ സമ്മിറ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നൈപുണ്യ വികസനത്തിലെ നൂതനമായ രീതികളാണ് ഉച്ചകോടി ചർച്ച ചെയ്തത്. വിദേശ വിദഗ്ദ്ധരും നിക്ഷേപകരും പങ്കെടുത്തു. മാറിയകാലത്തിനനുസരിച്ചുള്ള തൊഴിൽ അന്തരീക്ഷം കേരളത്തിൽ സൃഷ്ടിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക നീതിയിൽ അധിഷ്ഠിതമായ വികസനമാണ് ഉറപ്പുവരുത്തുന്നത് . കേരളത്തിന്റെ തനതായ സവിശേഷതകൾ ഉറപ്പാക്കി ഉന്നത വിദ്യാഭ്യാസ മേഖല നവീകരിക്കും. അഭ്യസ്തവിദ്യരായ പ്രൊഫഷണലുകൾ തൊഴിലന്വേഷകരുടെ മെന്റർമാരാകണം. തൊഴിലെടുക്കാനാഗ്രഹിക്കുന്ന വീട്ടമ്മമാർക്ക് ആവശ്യമായ നൈപുണ്യ പരിശീലനം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ധനമന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷത വഹിച്ചു.
വിജ്ഞാനകേരളം പദ്ധതിയുടെ ഉപദോഷ്ടാവ് ഡോ ടി.എം തോമസ് ഐസക് ഉച്ചകോടിയുടെ നേട്ടങ്ങൾ വിശദീകരിച്ചു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ. വി.പി ജഗതി രാജ്, കെ ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി.വി ഉണ്ണിക്കൃഷ്ണൻ, കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല, കെ. ഡിസ്‌ക് എക്‌സിക്യുട്ടീവ് ഡയറക്ടർ പി.എം. റിയാസ് തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.
മികച്ച പ്രാതിനിധ്യം
രണ്ടു ദിവസത്തെ ആഗോള ഉച്ചകോടിയിൽ വ്യാവസായിക പ്രതിനിധികളും സാങ്കേതിക വിദഗദ്ധരും വിദ്യാർത്ഥികളും അടക്കം മൂവായിരത്തിലധികം പ്രതിനിധികൾ പങ്കെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഒരു ലക്ഷത്തിലധികം പേർ ഓൺലൈനായും പങ്കാളികളായി. 200ലധികം വിദഗ്ദ്ധർ പങ്കെടുത്ത 57 പാനൽ ചർച്ചകളും നാലു വട്ടമേശ സമ്മേളനങ്ങളും നടന്നു.
സൃഷ്ടിച്ചത് 1.28 ലക്ഷം തൊഴിലവസരങ്ങൾ
സ്കിൽ കേരള ഗ്ലോബൽ സമ്മിറ്റിൽ പുതുതായി 1.28 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിച്ചു. 445 തൊഴിലുടമകൾ ചേർന്നാണ് വിദ്യാർത്ഥികൾക്കായി ഇത്രയധികം തൊഴിലവസരങ്ങൾ തുറന്നിട്ടത്. കരിയർ ബ്രേക്ക് വന്ന 10,000 വനിതകൾക്ക് തൊഴിൽ പരിശീലനം നൽകാൻ വിമൺ ഇൻക്ലൂസീവ് ഇൻ ടെക്‌നോളജിയുമായി ധാരണാപത്രം ഒപ്പിട്ടു.
ലക്ഷ്യം
ആറ് മാസത്തിനുള്ളിൽ 3.5 ലക്ഷം വിദ്യാർത്ഥികൾക്ക് തൊഴിൽ
സ്ഥാപനം- തൊഴിലവസരം
കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് - 75,211
എയർ കാർഗോ ഫോറം ഇന്ത്യ -30,000
കെ.ഡിസ്‌ക് 19,852
ഐ.സി.ടി അക്കാഡമി 1685
ഫിക്കി-1,660
കേരളത്തെ ഒരു ആഗോള തൊഴിൽ നൈപുണ്യ കേന്ദ്രമാക്കാനുള്ള ശ്രമങ്ങൾക്ക് ഗ്ലോബൽ സ്‌കിൽ സമ്മിറ്റ് വലിയ പ്രചോദനമാണ്
ഡോ. ടി .എം തോമസ് ഐസക്
ഉപദേഷ്ടാവ്
വിജ്ഞാന കേരളം പദ്ധതി
ആറ് മാസത്തിനുള്ളിൽ 3.5 ലക്ഷം വിദ്യാർത്ഥികൾക്ക് തൊഴിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |