SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.39 PM IST

272 സീറ്റ് ലഭിച്ചില്ലെങ്കിൽ ബിജെപിക്ക് 'പ്ലാൻ ബി', ജൂൺ നാലിന് പുറത്തെടുക്കുമോ; ചോദ്യത്തിന് അമിത് ഷായുടെ മറുപടി

Increase Font Size Decrease Font Size Print Page
amit-shah

ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് ചൂടിലാണ് രാജ്യം. ഓരോ ഘട്ടങ്ങളിലായി ഓരോ സംസ്ഥാനങ്ങൾ പോളിംഗ് ബൂത്തിലേക്ക് കടക്കുകയാണ്. ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം ചർച്ച ചെയ്യുന്നത്. ഇത്തവണയും പൂർണ വിശ്വാസത്തോടെയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാൽ ഇത്തവണ ബിജെപിക്ക് 272 സീറ്റ് നേടാൻ സാധിച്ചില്ലെങ്കിൽ പ്ലാൻ ബി എന്താണെന്ന ചോദ്യത്തിന് അമിത് ഷാ നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അത്തരമൊരു സാദ്ധ്യത കാണുന്നില്ലെന്നും ബിജെപിക്ക് പ്ലാൻ ബിയുടെ ആവശ്യമില്ലെന്നും അമിത് ഷാ പറഞ്ഞു. 'അത്തരം സാദ്ധ്യതകളൊന്നും ഞാൻ കാണുന്നില്ല. 60 കോടി ഗുണഭോക്താക്കളുടെ ഒരു സൈന്യം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിൽക്കുന്നു, അവർക്ക് ജാതിയോ പ്രായമോ ഇല്ല... ഈ ആനുകൂല്യങ്ങളെല്ലാം ലഭിച്ചവർക്ക് അറിയാം നരേന്ദ്ര മോദിക്ക് 400 സീറ്റ് നൽകാൻ'- അമിത് ഷാ പറഞ്ഞു.

'ബിജെപിക്ക് പ്ലാൻ ബി ഇല്ല, പാർട്ടിയുടെ പ്ലാൻ എ എപ്പോഴും വിജയിക്കും. പ്ലാൻ എ വിജയിക്കാൻ 60 ശതമാനം മാത്രമുള്ളപ്പോഴാണ് പ്ലാൻ ബിയെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ. വൻ ഭൂരിപക്ഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ എത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. എസ്‌സി, എസ്ടി, ഒബിസി സംവരണത്തിന്റെ ഏറ്റവും വലിയ പിന്തുണക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി'- അമിത് ഷാ വ്യക്തമാക്കി.

'വടക്ക്-തെക്ക് വിഭജനം' വളർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന ബിജെപിയുടെ ആരോപണത്തെ കുറിച്ച് മാദ്ധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുമെന്നാണ് അമിത് ഷായുടെ മറുപടി. 'നമ്മുടെ രാജ്യം വിഭജന രാഷ്ട്രമാണെന്ന് ആരെങ്കിലും പറഞ്ഞാൽ അത് വളരെ പ്രതിഷേധാർഹമാണ്. ഈ രാജ്യത്തെ ഒരിക്കലും വിഭജിക്കാൻ അനുവദിക്കില്ല'.

'കോൺഗ്രസ് പാർട്ടിയിലെ ഒരു മുതിർന്ന നേതാവ് ഉത്തരേന്ത്യയെയും ദക്ഷിണേന്ത്യയെയും വിഭജിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി. കോൺഗ്രസ് പാർട്ടി ആ പരാമർശം നിഷേധിക്കുകയോ പ്രസ്താവന പിൻവലിക്കുകയോ ചെയ്തിട്ടില്ല. രാജ്യത്തെ ജനങ്ങൾക്ക് കോൺഗ്രസിന്റെ അജണ്ട മനസിലാക്കാൻ സാധിക്കും. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നീ 5 സംസ്ഥാനങ്ങളിലെ സീറ്റിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവരാൻ പോകുന്നു. ബിജെപിക്ക് അതിർത്തി സംരക്ഷിക്കാനും സാധാരണക്കാരുടെ ക്ഷേമം ഉറപ്പുവരുത്താനും 400 സീറ്റ് ആവശ്യമാണ്'- അമിത് ഷാ പറഞ്ഞു.

TAGS: NEWS 360, NATIONAL, NATIONAL NEWS, BJP, KERALA, NEWS MALAYALAM, LOKSABHA POLL 2024
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY