
കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ വിഖ്യാതമായ ആഹ്വാനം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ മതുവയിൽ നടന്ന പരിപാടിയിൽ വോട്ടഭ്യർത്ഥിക്കുന്നതിനിടെ നേതാജിയുടെ പ്രശസ്തമായ 'എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം' എന്ന ആഹ്വാനമാണ് മോദി ആവർത്തിച്ചത്. തൃണമൂൽ കോൺഗ്രസിന്റെ മഹാജംഗിൾ രാജിൽ നിന്ന് സ്വാതന്ത്ര്യം നേടിതരാമെന്നാണ് മോദിയുടെ വാഗ്ദാനം.
'നേതാജി സുഭാഷ് ചന്ദ്ര ബോസ് പറഞ്ഞു, നിങ്ങൾ എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്ന്. നേതാജിയുടെ ആഹ്വാനം കേട്ട് രാജ്യം എല്ലാം നൽകി. നിങ്ങളുടെ വോട്ട് ഞങ്ങൾക്ക് ആവശ്യമുണ്ട്. നിങ്ങൾ ഞങ്ങൾക്ക് വോട്ട് ചെയ്യുക. ഞാൻ നിങ്ങളെ തൃണമൂൽ കോൺഗ്രസിൽ നിന്ന് മോചിപ്പിക്കും എന്നാണ് നിങ്ങളോട് എനിക്ക് പറയാനുള്ളത്.
തൃണമൂൽ കോൺഗ്രസിന്റെ മഹാജംഗിൾ രാജിൽ നിന്ന് മോചനം, ഭയപ്പെടുത്തലിൽ നിന്ന് മോചനം, അഴിമതിയിൽ നിന്ന് മോചനം, പെൺമക്കൾക്ക് നേരെയുള്ള പീഡനങ്ങളിൽ നിന്ന് മോചനം, തൊഴിലില്ലായ്‌മയിൽ നിന്ന് മോചനം, നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മോചനം, കലാപകാരികളിൽ നിന്ന് മോചനം എന്നിവയും ഞാൻ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഇന്ത്യൻ പൗരന്റെ രേഖകളും അവകാശങ്ങളും നിങ്ങൾക്ക് ലഭിക്കും. ഇതാണ് മോദിയുടെ ഉറപ്പ്'- പ്രസംഗത്തിൽ മോദി വ്യക്തമാക്കി. നോർത്ത് 24 പർഗാനാസിലെ താക്കൂർനഗറിൽ മതുവ മഹാസംഘത്തിന്റെ ക്ഷേത്രത്തിൽ മോദി ദർശനം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |