
ന്യൂഡൽഹി: ലോറൻസ് ബിഷ്‌ണോയ് സംഘത്തിനായി മയക്കുമരുന്ന് ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന നേഹ എന്ന കുസ്‌നുമ അൻസാരിയെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. ലോറൻസ് സംഘത്തിനായി ആയുധങ്ങൾ എത്തിക്കുന്ന ബോബി കബൂത്തറിന്റെ (മഹ്‌ഫൂസ്) ദീർഘകാല പങ്കാളിയാണ് നേഹ. ഇയാളും പൊലീസിന്റെ കസ്റ്റഡിയിലായിട്ടുണ്ട്.
ലോറൻസ് ബിഷ്‌ണോയിയുടെയും ഹാഷിം ബാബ ഗ്യാങ്ങിന്റെയും ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നയാളാണ് ബോബി. പാകിസ്ഥാനിലെ ഐഎസ്‌ഐയുമായി ബന്ധമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ അനധികൃത ആയുധ ഇടപാടുകാരൻ എന്ന് അറിയപ്പെടുന്ന സലിം പിസ്റ്റളിൽ നിന്നാണ് ബോബി തോക്കുകൾ വാങ്ങിയിരുന്നതെന്ന് പൊലീസ് പറയുന്നു. സിദ്ധു മൂസെവാല വെടിവയ്പ്പ്, ദിശ പട്ടാണിയുടെ വീട്ടിലുണ്ടായ വെടിവയ്പ്പ്, നാദിർ ഷായുടെ കൊലപാതകം, സീലാംപൂരിലെ ഇരട്ടക്കൊല തുടങ്ങിയവയിൽ ഈ തോക്കുകൾ ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.
ദീപ, സോയ ഖാൻ എന്നിവർക്ക് ശേഷം ലോറൻസ് ബിഷ്‌ണോയിയുടെ സംഘവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നാമത്തെ ലേഡി ഡോൺ ആണ് നേഹ. ഡൽഹിയിൽ ബ്യൂട്ടി പാർലർ ഉടമയാണ് നേഹ. എന്നാലിത് സംഘത്തിന്റെ അനധികൃത പ്രവർത്തനങ്ങൾ മറയ്ക്കാനും മയക്കുമരുന്ന് കടത്ത് സുഗമമായി മുന്നോട്ടുകൊണ്ടുപോകാനുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഏഴുവർഷമായി ബോബിയുമായി നേഹ ചേർന്നുപ്രവർത്തിച്ചുവരികയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. നേഹയിൽ നിന്ന് വലിയ അളവിൽ മയക്കുമരുന്നും പൊലീസ് പിടിച്ചെടുത്തു. ഇവരെ 'മാഡം സെഹർ' എന്നാണ് പൊലീസ് വിശേഷിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |