ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ സി സദാനന്ദനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് നോമിനേറ്റ് ചെയ്തത്. രാജ്യസഭയിൽ നാല് നോമിനേറ്റ് അംഗങ്ങളുടെ ഒഴിവുണ്ടായിരുന്നു. ആ ഒഴിവുകളിലേക്ക് നാല് പേരെ നോമിനേറ്റ് ചെയ്‌തെന്നാണ് പുറത്തുവരുന്ന വിവരം. മഹാരാഷ്ട്രയിൽ നിന്നുളള അഭിഭാഷകനായ ഉജ്വൽ നികം, മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ്‌വർദ്ധൻ ശ്രിംഗ്ല, ചരിത്രകാരിയായ ഡോ. മീനാക്ഷി ജെയ്ൻ എന്നിവരാണ് നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങൾ. പാർലമെന്റ് സമ്മേളനം അടുത്ത ആഴ്ച നടക്കാനിരിക്കെയാണ് നിർണായക തീരുമാനം.
പദവിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ തന്നെ സൂചന നൽകിയിരുന്നുവെന്ന് സി സദാനന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ ബിജെപിയെ ശക്തിപ്പെടുത്തുന്ന നീക്കമാണ് ഇപ്പോൾ നടന്നതെന്നും ജനസേവനത്തിനായുളള അവസരമായി കാണുമെന്നും അദ്ദേഹം പ്രതികരിച്ചു. കണ്ണൂർ സ്വദേശിയായ സദാനന്ദന്‍, ആര്‍എസ്എസിന്റെയും ബിജെപിയുടെയും ശക്തനായ നേതാവാണ്. 1994ൽ ഉണ്ടായ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുകാലുകളും നഷ്ടമായിരുന്നു.
നാഷണൽ ടീച്ചേഴ്‌സ് യൂണിയൻ കേരള സംസ്ഥാന വൈസ് പ്രസിഡന്റും സംഘടനയുടെ മുഖപത്രമായ ദേശീയ അദ്ധ്യാപക വാർത്തയുടെ എഡിറ്ററുമാണ് സദാനന്ദൻ. ആർഎസ്എസിന്റെ ധൈഷണികവിഭാഗമായ ഭാരതീയ വിചാര കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്. അദ്ധ്യാപികയായ വനിതാ റാണിയാണ് ഭാര്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |