പാട്‌ന: വോട്ടുകൊള്ളയാരോപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന 'വോട്ടർ അധികാർ യാത്ര" പദയാത്രയോടെ ഇന്ന് ബീഹാറിലെ പാട്‌നയിൽ സമാപിക്കും. 'ഗാന്ധി മുതൽ അംബേദ്‌കർ വരെ" എന്ന മുദ്രാവാക്യവുമായി പാട്നയിലെ ഗാന്ധി മൈതാനത്ത് നിന്ന് രാവിലെ 11.15ന് ആരംഭിക്കുന്ന പദയാത്രയിൽ ഇന്ത്യ മുന്നണി നേതാക്കളും പങ്കെടുക്കും. ഗാന്ധി പ്രതിമയിൽ രാഹുലടക്കമുള്ള നേതാക്കൾ പുഷ്‌പാർച്ചന നടത്തും.
യാത്ര നഗരം ചുറ്റി ഉച്ചയ്‌ക്ക് 12.30ന് അംബേദ‌്കർ പാർക്കിലെത്തും. തുടർന്ന് ഡോ. ബി.ആർ. അംബേദ്കറുടെ പ്രതിമയിൽ പുഷ്‌പചക്രമർപ്പിക്കും. 12.40നാണ് പൊതുസമ്മേളനം. സമാപന സമ്മേളനം ശക്തി പ്രകടനമാക്കാനും ഐക്യം ഊട്ടിയുറപ്പിക്കാനുമാണ് ഇന്ത്യ മുന്നണിയുടെ ശ്രമം. ചമ്പാരൻ സത്യഗ്രഹവും, ക്വിറ്റ് ഇന്ത്യാ സമരവും കണ്ട ഗംഗാ തീരത്തെ ഗാന്ധി മൈതാനത്ത് നിന്നാണ് പോരാട്ടത്തിന്റെ അടുത്ത പോർമുഖം രാഹുൽ തുറക്കുന്നത്.
ആഗസ്റ്റ് 17ന് ബീഹാറിലെ സാസാറാമിൽ നിന്ന് തുടങ്ങിയ റാലി 25 ജില്ലകളിലൂടെ 1300 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് പാട്നയിലെത്തിയത്. ഇതിനിടെ ദർഭംഗയിലെ റാലിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മാതാവിനെയും അധിക്ഷേപിച്ചത് കല്ലുകടിയായി. ഇതിനെതിരെ വൻ പ്രതിഷേധമാണ് ബി.ജെ.പി ഉയർത്തിയത്.
സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ആർ.ജെ.ഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവ്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി തുടങ്ങിയവർ യാത്രയെ അഭിസംബോധന ചെയ്‌തിരുന്നു.
ബീഹാർ തിരഞ്ഞെടുപ്പിൽ നിർണായകം
വോട്ടർ അധികാർ യാത്രയിലൂടെ നേടിയ കരുത്ത് ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ തുണയാകുമെന്നാണ് 'ഇന്ത്യ" മുന്നണിയുടെ പ്രതീക്ഷ. തിരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാനത്ത് നടത്തുന്ന തീവ്ര വോട്ടർ പട്ടിക പുതുക്കലിനെ രൂക്ഷമായി വിമർശിക്കുകയാണ് പ്രതിപക്ഷം. വോട്ട് മോഷണ ആരോപണം ജനങ്ങളിൽ എത്തിക്കാനായെന്നാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടൽ. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് രാഹുലിനൊപ്പം യാത്രയിൽ അണിചേർന്നിട്ടുണ്ട്. യാത്രയിൽ വൻജനപങ്കാളിത്തമുണ്ടായെങ്കിലും അത് വോട്ടാകുമോ എന്നതാണ് നിർണായകം.
അതേസമയം വോട്ടുക്കൊള്ളയിൽ കൂടുതൽ തെളിവ് പുറത്തുവിടുമെന്നും രാജ്യമാകെ സമരം വ്യാപിപ്പിക്കുമെന്നുമാണ് രാഹുൽ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |