ന്യൂഡൽഹി: ഇന്ത്യയോട് ചേർന്നുകിടക്കുന്ന അതിർത്തിയിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിർമിക്കാനുള്ള നീക്കത്തിലാണ് ചൈന. ടിബറ്റിലെ ഹിമാലൻ മേഖലയിലാണ് അണക്കെട്ട് നിർമിക്കുന്നത്. ചൈനയിലെ ത്രീ ഗോർജസ് അണക്കെട്ടിനേക്കാൾ വലുതായിരിക്കുമിതെന്നാണ് ചൈന വ്യക്തമാക്കുന്നത്.
പരിസ്ഥിതി ലോല പ്രദേശത്തിന് പുറമെ ഉയർന്ന ഭൂകമ്പ സാദ്ധ്യതയുള്ള സ്ഥലത്താണ് ചൈന പുതിയ ഡാം പണിയുന്നത്. ഇക്കാരണങ്ങളാൽ പുതിയ അണക്കെട്ട് അതിർത്തിയോട് ചേർന്ന് നിർമിക്കുന്നതിൽ ഇന്ത്യ ആശങ്കയിലാണ്. ടിബറ്റിൽ ചൈന യാർലംഗ് സാംഗ്‌പോ എന്ന് വിളിക്കുന്ന ബ്രഹ്മപുത്ര നദിയിലാണ് അണക്കെട്ട് നിർമിക്കുന്നത്. ഇക്കാര്യത്തിൽ ഇന്ത്യ കഴിഞ്ഞദിവസം പ്രതികരിക്കുകയും ചെയ്തു. ഇന്ത്യ തന്റെ താത്‌പര്യങ്ങൾ സംരക്ഷിക്കുമെന്നാണ് വിഷയത്തിൽ പ്രതികരിച്ചത്. നദീജലത്തിന്റെ അവകാശങ്ങൾ ഊന്നിപ്പറയുന്നതിനൊപ്പം ചൈനീസ് സർക്കാരിന്റെ പദ്ധതികളിൽ സുതാര്യത തേടിക്കൊണ്ട് ചൈനയ്ക്ക് ഇന്ത്യ കത്തുമയച്ചു. ചൈനയിലെ പുതിയ വികാസങ്ങൾ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കും. ആവശ്യമെങ്കിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.
പുതിയ അണക്കെട്ട് ബ്രഹ്മപുത്ര നദിയുടെ ഒഴുക്കിൽ വലിയ സ്വാധീനമുണ്ടാക്കും. കടുത്ത ക്ഷാമവും വെള്ളപ്പൊക്കവും ഉൾപ്പെടെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കുമെന്നും ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ബ്രഹ്മപുത്ര നദിയുടെ താഴ്‌വരയിലുള്ള സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾക്ക് ഉയർന്ന പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾ ദോഷം വരുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ചൈനീസ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പുതിയ അണക്കെട്ട് പദ്ധതി ഇരുരാജ്യങ്ങളും തമ്മിൽ ജലയുദ്ധത്തിന് കാരണമാകാൻ സാദ്ധ്യതയുള്ളതായും നിരീക്ഷണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |