ബംഗളൂരു: കർണാടക നിയമസഭയിലേക്കുള്ള ബി.ജെ.പിയുടെ ആദ്യഘട്ട പട്ടിക പുറത്തു വന്നതിനു പിന്നാലെ പാർട്ടിയിൽ ആഭ്യന്തര സംഘർഷം രൂക്ഷം. മുൻ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ വിശ്വസ്തനും ലിംഗായത്ത് വിഭാഗത്തിലെ ശക്തനായ നേതാവുമായ ലക്ഷ്‌മൺ സവാദി പാർട്ടി വിട്ടു. കോൺഗ്രസിലേക്കെന്നാണ് സൂചന.
2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബെളഗാവി ജില്ലയിലെ അത്തണിയിൽനിന്നു മത്സരിച്ച ലക്ഷ്‌മൺ കോൺഗ്രസിലെ മഹേഷ് കുംതഹള്ളിയോട് പരാജയപ്പെട്ടിരുന്നു. പിന്നീട് മഹേഷ് ബി.ജെ.പിയിൽ ചേരുകയും 2019ൽ സർക്കാർ രൂപീകരിക്കാൻ യെദിയൂരപ്പയെ സഹായിക്കുകയും ചെയ്തു. ലക്ഷ്മണിനെ അവഗണിച്ച് സിറ്റിംഗ് എം.എൽ.എയായ മഹേഷിന് സീറ്റ് നൽകിയതാണ് ലക്ഷ്‌മണയുടെ പ്രകോപനത്തിന് കാരണം. ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് രാജി വയ്ക്കുന്നതായി ലക്ഷ്മൺ സവാദി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഏറെ തർക്കങ്ങൾക്ക് ശേഷമാണ് ബി.ജെ.പിയുടെ ആദ്യ പട്ടിക പുറത്തുവന്നത്. 189 സ്ഥാനാർത്ഥികളെയാണ് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ പ്രഖ്യാപിച്ചത്. മുതിർന്ന നേതാക്കൾ ഉൾപ്പെടെ 20 സിറ്റിംഗ് എം.എൽ.എമാരെ പട്ടികയിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇതിൽ ഭൂരിഭാഗം പേരും നേതൃത്വത്ത അതൃപ്തി അറിയിച്ചു. ഗുജറാത്തിൽ നടപ്പാക്കി വിജയിച്ച തലമുറ മാറ്റമെന്ന തന്ത്രമാണ് ബി.ജെ.പി നേതൃത്വം കർണാടകയിൽ പയറ്റുന്നത്. യുവാക്കൾക്കും പ്രൊഫഷണലുകൾക്കും പ്രാമുഖ്യം നൽകി പുറത്തിക്കിയ പട്ടികയിൽ 52 പുതുമുഖങ്ങളും എട്ട് സ്ത്രീകളുമുണ്ട്.
സീറ്റിനെ ചൊല്ലിയുള്ള തർക്കം നടക്കുന്നതിനിടെ മുൻ ഉപമുഖ്യമന്ത്രിയും ബി.ജെ.പി സംസ്ഥാന മുൻ അദ്ധ്യക്ഷനുമായ കെ.എസ് ഈശ്വരപ്പ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുകയാണെന്ന് അറിയിച്ച് പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയ്ക്ക് കത്തയച്ചിരുന്നു. മകൻ കെ.ഇ കാന്തേഷിന് സീറ്റ് നൽകാൻ നേതൃത്വം വിസമ്മതിച്ചതിൽ പ്രതിഷേധിച്ചായിരുന്നു നടപടി.
ആദ്യപട്ടികയിൽ മുൻമുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ ഇല്ലായിരുന്നു. സീറ്റ് അനുവദിച്ചില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന ഷെട്ടർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഷെട്ടറിന്റെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ഷെട്ടറിന് സീറ്റ് നിഷേധിക്കില്ലെന്നും രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തുമെന്നുമാണ് ബി.ജെ.പി ദേശീയ നേതൃത്വം നൽകുന്ന സൂചന.
'സങ്കടമില്ല, പക്ഷേ വേദനിപ്പിച്ചു': രഘുപതി ഭട്ട്
മംഗളുരു: തിനിക്ക് സീറ്റു നിഷേധിച്ച പാർട്ടിയുടെ പെരുമാറ്റം വേദനിപ്പിച്ചുവെന്ന് പറഞ്ഞ്, മാദ്ധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് ഉഡുപ്പി എം.എൽ.എ രുഘുപതി ഭട്ട്. മൂന്ന് തവണ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച അദ്ദേഹം പാർട്ടി തീരുമാനത്തിൽ സങ്കടമില്ലെന്നും കണ്ണീരോടെ പറഞ്ഞു.
'ജില്ലാ പ്രസിഡന്റ് പോലും വിളിച്ച് അറിയിച്ചില്ല. ടി.വി വഴിയാണ് ടിക്കറ്റ് നിഷേധിച്ച വിവരം അറിഞ്ഞത്. അങ്ങനെയാണോ പാർട്ടി തീരുമാനം അറിയേണ്ടത്? എന്റെ ജാതി കാരണം മാത്രമാണ് ടിക്കറ്റ് നിഷേധിക്കപ്പെട്ടതെങ്കിൽ ഞാൻ അതിന് സമ്മതിക്കില്ല. തീരദേശ ജില്ലകളിൽ പാർട്ടിക്ക് വേണ്ടി അക്ഷീണം പ്രവർത്തിച്ചിട്ടുണ്ട്. അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോയി. പുലർച്ചെ വരെ പാർട്ടി പ്രവർത്തകർ എന്നെ വിളിച്ച് കാര്യങ്ങൾ ചോദിച്ചു. പാർട്ടിയുടെ പ്രയാസകരമായ സമയങ്ങളിലും ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. കൂടുതൽ തീരുമാനങ്ങൾ പിന്നീട് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |