ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ വാക്കൗട്ടിന് സാക്ഷ്യം വഹിച്ച രാജ്യസഭ നാലു ബില്ലുകൾ പാസാക്കി. ഡിജിറ്റൽ മേഖലയിലെ വ്യക്തി വിവരങ്ങൾ സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ സംരക്ഷണ ബിൽ, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശാസ്ത്രീയ ഗവേഷണം പ്രോത‌്സാഹിപ്പിക്കാനുള്ള അനുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ ബിൽ, ഫിഷറീസ് മേഖലയുടെ വികസനം ലക്ഷ്യമിട്ട് കോസ്റ്റൽ അക്വാകൾച്ചറൽ അതോറിട്ടിക്ക് കൂടുതൽ അധികാരം നൽകുന്ന ബിൽ, ഛത്തീസ്ഗഡിലെ മെഹ്‌റ സമുദായത്തെ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതി ബിൽ എന്നിവ പ്രതിപക്ഷത്തിന്റെ അസാന്നിദ്ധ്യത്തിൽ പാസാക്കി. ലോക്‌സഭാ പാസാക്കിയതിനാൽ ഉടൻ നിയമമാകും.
ഡൽഹി സർവീസസ് ബിൽ സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയത്തിൽ എം.പിമാരുടെ വ്യാജ ഒപ്പിട്ടെന്ന ആരോപണത്തിൽ എൻ.ഡി.എ എം.പിമാർ നൽകിയ പരാതിയിൽ സെലക്‌ട് കമ്മിറ്റി ആംആദ്‌മി പാർട്ടി എം.പി രാഘവ് ചദ്ദയോട് വിശദീകരണം തേടി. ഇക്കാര്യത്തിൽ നേരത്തെ രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകർ അനുമതി നൽകിയിരുന്നു. പ്രമേയത്തിൽ പേരുവന്ന ബി.ജെ.പി എം.പിമാരായ എസ്.ഫാങ്‌നോൺ കൊന്യാക്, നർഹരി അമിൻ, സുധാംശു ത്രിവേദി, അണ്ണാ ഡി.എം.കെ കെയുടെ എം.തമ്പിദുരൈ, ബി.ജെ.ഡിയുടെ സസ്മിത് പത്ര എന്നിവരാണ് പരാതിക്കാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |