ചെന്നൈ: തമിഴ് നടൻ ആര്യയുടെ വീട്ടിലും ഉടമസ്ഥതയിലുളള സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ്. ആര്യയുടെ ഉടമസ്ഥതയിൽ ചെന്നൈയിലെ വിവിധ ഇടങ്ങളിൽ സീ ഷെൽ എന്ന പേരിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലും പരിശോധന നടന്നുവരികയാണ്. നികുതി വെട്ടിപ്പ് മൂലമാണ് റെയ്ഡ് നടത്തുന്നതെന്നും റെയ്ഡിന് ശേഷമേ മുഴുവൻ വിവരങ്ങളും പുറത്തുവിടുകയുളളൂവെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ചെന്നൈയിലെ വേളാച്ചേരി, കൊട്ടിവാകം, കിൽപ്പോക്ക്, അണ്ണാനഗർ തുടങ്ങിയ സ്ഥലങ്ങളിലാണ് ആര്യയുടെ ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു, നികുതി അടച്ചില്ല എന്നിങ്ങനെയുളള ആരോപണങ്ങൾ ആര്യയ്ക്കെതിരെ പുറത്തുവന്നതിനുപിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ നടപടി. അതേസമയം, പരിശോധന നടത്തിയ സീ ഷെൽ ഹോട്ടലുകൾ തന്റെ ഉടമസ്ഥതയിലുളളതല്ലെന്നും ആര്യ പ്രതികരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |