
ന്യൂഡൽഹി: ഗാസയിലെ ജനങ്ങൾക്കുനേരെ ഇസ്രയേൽ നടത്തുന്ന ക്രൂരതകൾ അവസാനിപ്പിക്കാൻ ഇന്ത്യ തങ്ങളുടെ എല്ലാ കഴിവുകളും ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചതായി ഇറാൻ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം റൈസി. മോദി ഇറാൻ പ്രസിഡന്റുമായി കഴിഞ്ഞദിവസം ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു.
'ഗാസയിലെ അടിച്ചമർത്തപ്പെട്ട ജനങ്ങൾക്കുനേരെ സയോണിസ്റ്റുകൾ നടത്തുന്ന ക്രൂരതകൾ അവസാനിപ്പിക്കാൻ ഇന്ത്യ തങ്ങളുടെ എല്ലാ കഴിവുകളും ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുകയാണ്'- പ്രസ്‌താവനയിൽ ഇറാൻ പ്രസിഡന്റ് വ്യക്തമാക്കി. പാശ്ചാത്യ കൊളോണിയലിസത്തിനെതിരായ ഇന്ത്യയുടെ പോരാട്ടങ്ങളും ലോകത്തെ ചേരിചേരാ പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാളെന്ന രാജ്യത്തിന്റെ സ്ഥാനവും ഇബ്രാഹിം റൈസി എടുത്ത് പറഞ്ഞു.
പശ്ചിമേഷ്യൻ മേഖലയിലെ ദുഷ്കരമായ സാഹചര്യത്തെക്കുറിച്ചും ഇസ്രായേൽ-ഹമാസ് സംഘർഷത്തെക്കുറിച്ചും ഇരുനേതാക്കളും അഭിപ്രായങ്ങൾ കൈമാറി. ഭീകരവാദ വിഷയങ്ങളിലും അക്രമങ്ങളിലും സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതിലും അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.
ഇസ്രയേൽ-പാലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ ദീർഘകാലവും സുസ്ഥിരവുമായ നിലപാട് മോദി ആവർത്തിച്ചു. പ്രസിഡന്റ് റൈസി സ്ഥിതിഗതികളെക്കുറിച്ചുള്ള തന്റെ വിലയിരുത്തൽ പങ്കുവച്ചു. സംഘർഷം തടയൽ, മാനുഷിക സഹായം ഉറപ്പാക്കൽ, സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കൽ എന്നിവ അനിവാര്യമാണെന്ന് ഇരുവരും ഫോൺ സംഭാഷണത്തിനിടെ ചൂണ്ടിക്കാട്ടി.
ഇസ്രയേൽ- ഹമാസ് യുദ്ധം ആരംഭിച്ചതിനുശേഷം ലോകനേതാക്കളുമായി മോദി നിരന്തരമായി ടെലിഫോൺ സംഭാഷണങ്ങൾ നടത്തുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്‌ച യുഎഇ പ്രസിഡന്റ് മൊഹമ്മദ് ബിൻ സയേദുമായും അദ്ദേഹം സംസാരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |