
ടെഹ്റാൻ: വ്യാഴാഴ്ച ജനീവയിൽ നടക്കുന്ന അവസാനഘട്ട ആണവ ചർച്ചയിലും ധാരണയായില്ലെങ്കിൽ ഇറാനെ ആക്രമിക്കാൻ മുന്നൊരുക്കവുമായി അമേരിക്ക, ചർച്ച പരാജയപ്പെട്ടാൽ ഇറാനിൽ യു.എസിന്റെ വ്യോമാക്രമണം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇറാന്റെ സൈനിക മേധാവിമാരെയും ആണവ ശാസ്ത്രജ്ഞരെയും ലക്ഷ്യമിട്ടായിരിക്കും യു.എസ് ആക്രമണമെന്നാണ് സൂചന. സുരക്ഷ കണക്കിലെടുത്ത് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരൻമാരോട് രാജ്യം വിടാൻ നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം അമേരിക്കയുടെ സമ്മർദ്ദത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്ന നിലപാടിലാണ് ഇറാൻ. നേരത്തെ നടന്ന രണ്ട് റൗണ്ട് ചർച്ചകൾക്ക് സമാനമായി ഒമാന്റെ മദ്ധ്യസ്ഥതയിലാണ് വ്യാഴാഴ്ചത്തെ ചർച്ചയും നടക്കുക,
യുറേനിയം സമ്പുഷ്ടീകരണം പരിമിതപ്പെടുത്താനോ വിദേശ രാജ്യത്തേക്ക് മാറ്റാനോ ഇറാൻ തയ്യാറായേക്കുമെന്ന് സൂചനയുണ്ട്. യു.എസ് പങ്കാളിത്തത്തോടെയുള്ള സമ്പുഷ്ടീകരണ പദ്ധതി,അറബ് രാജ്യങ്ങളുടെ നിക്ഷേപം തുടങ്ങിയ നിർദ്ദേശങ്ങളും ഇറാൻ ചർച്ചയിൽ മുന്നോട്ടുവയ്ക്കുമെന്ന് അറിയുന്നു. ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന ഉറപ്പ് ലഭിച്ചാൽ ഇളവുകൾക്ക് യു.എസും തയ്യാറാകുമെന്നാണ് റിപ്പോർട്ട്.
അതിനിടെ ഇറാനെ ആക്രമിക്കാനുള്ള സൈനിക സന്നാഹങ്ങൾ യു.എസ് ശക്തമാക്കി. നിർണായക ഉപകരണങ്ങളെയും സൈനികരെയും വഹിച്ചുള്ള ഒമ്പത് ഭീമൻ സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ മിഡിൽ ഈസ്റ്റിലെ യു.എസ് ബേസുകൾ ലക്ഷ്യമാക്കി പുറപ്പെട്ടു. ഡസൻ കണക്കിന് എഫ്-22 റാപ്റ്റർ,എഫ്-35 യുദ്ധവിമാനങ്ങളും ബോംബറുകളും ബേസുകളിൽ വിന്യസിച്ചിട്ടുണ്ട്. ഇറാന്റെ തിരിച്ചടി മുന്നിൽ കണ്ട് ബഹ്റൈനിലെയും ഖത്തറിലെയും ബേസുകളിൽ നിന്ന് നൂറുകണക്കിന് ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |