ശ്രീനഗർ: പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവരെ സഹായിക്കുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ജമ്മു കാശ്മീർ പൊലീസ്. 2800 പേരെ കസ്റ്റഡിയിലെടുത്തെന്ന് കാശ്മീർ ഐജി വി കെ ബിർദി അറിയിച്ചു. 90 പേർക്കെതിരെ പൊതു സുരക്ഷാ നിയമം (പി എസ് എ) നിയമപ്രകാരം കേസെടുത്തു.
സംസ്ഥാന വ്യാപകമായി തെരച്ചിൽ നടപടികൾ തുടരുകയാണെന്നും ഐജി വ്യക്തമാക്കി. സെൻസിറ്റീവ് മേഖലകളിൽ സുരക്ഷ ശക്തമാക്കിയെന്നും ജനങ്ങളുമായി പരമാവധി സഹകരിച്ചാണ് നടപടികളെന്നും അധികൃതർ പറയുന്നു. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവർക്കായി 14-ാം ദിവസവും തെരച്ചിൽ തുടരുകയാണ്.
അതിനിടെ ഭീകരർക്ക് സഹായവും ഭക്ഷണവും നൽകിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് പുഴയിൽ മുങ്ങിമരിച്ചു. ജമ്മു കാശ്‌മീരിലെ കുൽഗാമിലാണ് സംഭവം. ഇംതിയാസ് അഹമ്മദ് മഗ്രെ എന്ന 23കാരനാണ് സുരക്ഷാ സേനയ്‌ക്കൊപ്പം വരവെ രക്ഷപ്പെടാനായി പുഴയിലേക്ക് ചാടിയത്. എന്നാൽ ശക്തമായ കുത്തൊഴുക്കുള്ള പുഴയിൽ ഇയാൾ മുങ്ങിത്താഴുകയായിരുന്നു. സംഭവത്തിന്റെ ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കുൽഗാമിലെ നംഗ്‌മാർഗിൽ വനത്തിൽ ഒളിച്ചിരിക്കുകയായിരുന്ന ഭീകരർക്ക് ഇംതിയാസ് ഭക്ഷണവും വേണ്ട സൗകര്യവും നൽകിയിരുന്നു. തുടർന്ന് ശനിയാഴ്‌ച ഈ വിവരമറിഞ്ഞെത്തിയ പൊലീസ് ഇംതിയാസിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ താൻ സഹായിച്ചവിവരം ഇംതിയാസ് അഹമ്മദ് സമ്മതിച്ചു. മാത്രമല്ല സുരക്ഷാസേനയെ തീവ്രവാദികൾ ഒളിച്ചിരിക്കുന്നയിടത്ത് കൊണ്ടുപോകാമെന്നും ഇയാൾ അറിയിച്ചു.
തുടർന്ന് ഞായറാഴ്‌ച വനത്തിൽ ഭീകരരെ കാണിച്ചുതരാനായി സുരക്ഷാസേനയ്‌ക്കൊപ്പം വരവെ ഇംതിയാസ് സുരക്ഷാസേനയെ വെട്ടിച്ച് രക്ഷപ്പെടാനായി വേഷാവ് നദിയിലേക്ക് ചാടുകയായിരുന്നു. എന്നാൽ ശക്തമായ ഒഴുക്കുണ്ടായിരുന്ന പുഴയിൽ നിന്നും നീന്തി രക്ഷപ്പെടാൻ യുവാവിന് സാധിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |