ന്യൂഡൽഹി: പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ തിരിച്ചടി നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരീക്ഷണത്തിലാണെന്ന് റിപ്പോർട്ട്. രാത്രിയുടനീളം മോദി ഓപ്പറേഷൻ നീരിക്ഷിച്ചുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സെെനിക മേധാവിമാരുമായി ചൊവ്വാഴ്ച വെെകുന്നേരം മുതൽ പുലർച്ചെ വരെ പ്രധാനമന്ത്രി ഒന്നിലധികം തവണ സംസാരിച്ചു. കൊടും ഭീകരരുടെ താവളങ്ങളാണ് ഇന്ത്യ ആക്രമിച്ചത്.
എത്ര ഭീകരർ കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല. പാക് സെെനിക കേന്ദ്രങ്ങളെയോ സാധാരണ ജനങ്ങളയോ ലക്ഷ്യമിട്ടില്ലെന്ന് സെെന്യം അറിയിച്ചു. ഭീകരരെ മാത്രം ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ഭീകരരുടെ കേന്ദ്രങ്ങളായ ഒൻപത് ഇടങ്ങളിലാണ് ഇന്ത്യൻ സൈന്യം തിരിച്ചടി നൽകിയിരിക്കുന്നത്. ബഹാവൽപൂർ, മുസാഫറാബാദ്, കോട്‌ലി, മുറിഡ്‌കെ എന്നിവിടങ്ങളിൽ ആക്രമണമുണ്ടായതായി പാകിസ്ഥാനിൽ മാദ്ധ്യമ റിപ്പോർട്ടുകളുണ്ട്.
'നീതി നടപ്പാക്കി, ജയ് ഹിന്ദ്' എന്നാണ് എക്‌സിൽ സൈന്യം ഈ സൈനിക നടപടിയെ കുറിച്ച് അറിയിച്ചത്. ഏപ്രിൽ 22നാണ് 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ആക്രമണം ഉണ്ടായത്. ശേഷം ഇന്ത്യ പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകുമെന്ന് അറിയിച്ചിരുന്നു.പിന്നാലെയാണ് ഇപ്പോൾ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ തിരിച്ചടി നൽകിയത്.
അതിനിടെ രാജ്യം അതീവ ജാഗ്രതയിലാണ്. അതിർത്തിയിലെ അഞ്ച് വിമാനത്താവളങ്ങൾ അടച്ചു. അതിർത്തിയിലെ ജനങ്ങളെ ബങ്കറുകളിലേക്ക് മാറ്റുകയാണ്. ജമ്മു കാശ്‌മീരിലും പഞ്ചാബിലുമടക്കമുള്ള വ്യോമസംവിധാനങ്ങൾക്ക് ഇന്ത്യ സൈനിക നടപടിക്ക് പിന്നാലെ ജാഗ്രതാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |