ഹൈദരാബാദ്: ഭാരത് രാഷ്‌ട്ര സമിതിയിൽ (ബിആർഎസ്) നിന്ന് മകൾ കവിതയെ പുറത്താക്കി പാർട്ടി അദ്ധ്യക്ഷൻ കെ ചന്ദ്രശേഖര റാവു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ചാണ് കവിതയെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതെന്നാണ് വിശദീകരണം.
'പാർട്ടി എംഎൽസിയായ കെ കവിതയുടെ സമീപകാലത്തെ പെരുമാറ്റങ്ങളും അവർ നടത്തുന്ന തുടർച്ചയായ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളും ബിആർഎസിന് ദോഷകരമാണെന്നതിനാൽ പാർട്ടി ഈ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നത്. കവിതയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ പാർട്ടി അദ്ധ്യക്ഷൻ കെ ചന്ദ്രശേഖര റാവു തീരുമാനിച്ചു' - ബിആർഎസ് പ്രസ്‌താവനയിൽ അറിയിച്ചു.
കഴിഞ്ഞ കുറച്ചുകാലമായി പാർട്ടിയിലെ ഉന്നതർക്കെതിരെയും നിരന്തരം വിമർശനങ്ങൾ ഉയർത്തിയതിനെത്തുടർന്ന് കവിത നേതൃത്വത്തിന്റെ അപ്രീതിക്ക് പാത്രമായിരുന്നു. ഇതിനെത്തുടർന്ന് കവിതയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേക്കുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. പല കാര്യങ്ങളിലും പാർട്ടി മൗനം പാലിക്കുകയാണെന്ന് ആരോപിച്ച് കവിത നേരത്തേ കെസിആറിന് കത്തെഴുതിയിരുന്നു.
കെടിആറിന്റെ നേതൃത്വത്തെ കവിത പരസ്യമായി ചോദ്യം ചെയ്‌തതും പ്രശ്‌നങ്ങൾ രൂക്ഷമാക്കി. തെലങ്കാന ജാഗ്രതിയുടെ പുതിയ ഓഫീസ് കവിത ആരംഭിച്ചത് ബിആർഎസുമായി അകലുകയാണെന്ന അഭ്യൂഹത്തിന് ആക്കം കൂട്ടുകയും ചെയ്‌തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |