
ന്യൂഡൽഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ മോദി സർക്കാർ അട്ടിമറിച്ചെന്നും പകരം കൊണ്ടുവന്ന വിബി-ജി റാം ജി ബിൽ കരിനിയമമാണെന്നും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പറഞ്ഞു. രാജ്യത്തെ ലക്ഷകണക്കിന് കോൺഗ്രസ് പ്രവർത്തകർ ബില്ലിനെതിരെ പോരാട്ടത്തിനിറങ്ങും. കോടികണക്കിന് ദരിദ്രരുടെ താത്പര്യങ്ങളെയാണ് കേന്ദ്രസർക്കാർ ആക്രമിച്ചിരിക്കുന്നത്. ആരോടും ചർച്ച ചെയ്യാതെ ഏകപക്ഷീയമായി ബിൽ കൊണ്ടുവന്നു. കഴിഞ്ഞ 11 വർഷമായി പദ്ധതിയെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങളാണ് മോദി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. മഹാത്മാ ഗാന്ധിയുടെ പേര് മാറ്റിയെന്നുമാത്രമല്ല, പദ്ധതിയുടെ ഘടന തന്നെ മാറ്റിമറിച്ചു. 20 വർഷം മുൻപ് മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് കൊണ്ടുവന്ന പദ്ധതി വിപ്ലവകരമായ ചുവടുവയ്‌പായിരുന്നു. ദരിദ്രരിൽ ദരിദ്രരായവരുടെ വരെ ഉപജീപനമാർഗമായി മാറി. മഹാത്മാ ഗാന്ധിയുടെ 'ഗ്രാമ സ്വരാജ്" എന്ന ലക്ഷ്യത്തിലേക്കുള്ള ശക്തമായ നീക്കമായിരുന്നു. എന്നാലിപ്പോൾ മോദി സർക്കാർ കൊണ്ടുവന്നിരിക്കുന്ന ബിൽ രാജ്യത്തിന്റെ യാഥാർത്ഥ്യങ്ങൾ പരിഗണിക്കാതെയാണെന്നും സോണിയ ഇന്നലെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |