തിരുവനന്തപുരം: മലയാള സിനിമയിലെ ഓൾ റൗണ്ടറായ ശ്രീനിവാസൻ വലിയൊരു കായികപ്രേമിയും സ്പോർട്സ്മാനുമായിരുന്നു. അദ്ദേഹത്തിന്റെ മക്കളുടെ പേരുകൾ പോലും കായിക പ്രേമത്തിന്റെ തെളിവാണ്. ചെറുപ്പത്തിൽ ക്രിക്കറ്റിനോടായിരുന്നു ശ്രീനിവാസന് ആരാധന കൂടുതൽ. പിന്നീട് സ്‌കൂൾ തലത്തിൽ ഹോക്കി ടീമിലും പയ്യന്നൂർ കോളേജിൽ ഫുട്ബോൾ ടീമിലും കളിച്ചു.
ഹൈസ്‌കൂളിൽ പഠിക്കുന്ന സമയത്താണ് ശ്രീനിവാസന് ഹോക്കി പ്രേമം കൂടിയത്. പണ്ട് പത്രങ്ങളിലെ കായികം പേജുകൾ അരിച്ചുപെറുക്കി വായിക്കുമായിരുന്നു. അങ്ങനെ കണ്ണിലുടക്കിയ പേരാണ് ഹോക്കിയിലെ പഴയ മിന്നും താരം വിനീത് കുമാറിന്റേത്.
അദ്ദേഹത്തോടൊള്ള ആരാധനകാരണം 1984ൽ മൂത്ത മകൻ ജനിച്ചപ്പോൾ വിനീത് എന്ന് പേരിടുകയായിരുന്നു. ഇന്ത്യൻ ഹോക്കിയിലെ മജീഷ്യൻ എന്നറിയപ്പെടുന്ന സാക്ഷാൽ ധ്യാൻചന്ദിന്റെ വലിയ ആരാധകനായിരുന്നു ശ്രീനിവാസൻ. 1988ൽ ജനിച്ച രണ്ടാമത്തെ മകന് ഇന്ത്യൻ ഹോക്കി ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിന്റെ പേരിൽ നിന്ന് ചന്ദ് വെട്ടിക്കളഞ്ഞ് ധ്യാൻ എന്ന് പേരിട്ടു. ധ്യാൻ കൂടി പങ്കെടുത്തൊരു ചടങ്ങിൽ ഹോക്കി മാന്ത്രികനായ ധ്യാൻ ചന്ദിന്റെ പേരാണ് ഇളയമകന് ഇട്ടതെന്നും ചന്ദ് വെട്ടിക്കളഞ്ഞതിന്റെ കുഴപ്പം അവനുണ്ടെന്നും ശ്രീനിവാസൻ തമാശയായി പറഞ്ഞിരുന്നു. ഇവനെന്ത് മാജിക്കാണ് കാണിക്കൻ പോകുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. മലയാള സിനിമയിലെ മാന്ത്രികനാണ് താനെന്നായിരുന്നു ചടങ്ങിൽ അതിന് ശേഷം പ്രസംഗിച്ച ധ്യാൻ അച്ഛന് കൊടുത്ത മറുപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |