
ന്യൂഡൽഹി: വീട്ടുചെലവിന്റെ കണക്ക് സൂക്ഷിക്കണമെന്ന് ഭാര്യയോട് ആവശ്യപ്പെടുന്നതും, സാമ്പത്തിക കാര്യത്തിൽ ഭർത്താവ് മേൽക്കൈ സൂക്ഷിക്കുന്നതും ക്രൂരതയല്ലെന്ന് സുപ്രീംകോടതി. ഇന്ത്യൻ സമൂഹത്തിലെ പ്രതിഫലനം മാത്രമാണിതെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. തെലങ്കാനയിലെ സ്ത്രീധനപീഡനക്കേസ് റദ്ദാക്കി കൊണ്ടാണ് നിലപാട്. പലയിടത്തും പുരുഷന്മാരാണ് സ്ത്രീകളുടെ സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. വ്യക്തിപരമായ പക തീർക്കാനുള്ള ഉപകരണമെന്ന നിലയിൽ ക്രിമിനൽ കേസ് നൽകാനാകില്ല. ഇത്തരം കേസുകൾ കൈകാര്യം ചെയ്യുമ്പോൾ കോടതികൾ അതീവ ജാഗ്രതയും സൂക്ഷ്‌മതയും പുലർത്തേണ്ടതുണ്ട്. സമൂഹത്തിലെ യാഥാർത്ഥ്യങ്ങളും കണക്കിലെടുക്കണം. ഭർത്താവ് അദ്ദേഹത്തിന്റെ കുടുംബത്തിന് പണം നൽകുന്നു, വീട്ടുചെലവിന്റെ കണക്കുകൾ ചോദിക്കുന്നു, ഗർഭകാലത്തും പ്രസവശേഷവും ഭർത്താവിന്റെ ഭാഗത്തുനിന്ന് പരിചരണക്കുറവുണ്ടായി, പ്രസവശേഷം വണ്ണം വച്ചപ്പോൾ പരിഹസിച്ചു തുടങ്ങിയവയാണ് ഭാര്യയുടെ ആരോപണങ്ങൾ. പക്ഷെ അതൊന്നും ക്രിമിനൽ കേസ് കൊടുത്ത് ഭർത്താവിനെ കഷ്‌ടപ്പെടുത്താൻ തക്ക ക്രൂരതകളല്ല. സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്ന് ആരോപിക്കുന്നുണ്ടെങ്കിലും അതു തെളിയിക്കുന്ന ഒന്നും ഹാജരാക്കിയിട്ടില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. എഫ്.ഐ.ആർ റദ്ദാക്കാൻ തെലങ്കാന ഹൈക്കോടതി തയ്യാറാകാത്തതിനെ തുടർന്ന് ഭർത്താവ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |