ന്യൂഡൽഹി: പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിലെ പ്രധാനി പാകിസ്ഥാൻ പൗരനായ ഹാഷിം മൂസ എന്ന സുലൈമാൻ ആണെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. അക്രമം ആസൂത്രണം ചെയ്‌ത മൂസ രണ്ടു വർഷമായി ജമ്മു കശ്മീരിൽ സജീവമാണ്.
2023ൽ അതിർത്തിയിലൂടെ നുഴഞ്ഞു കയറിയ മൂസ ശ്രീനഗറിനോട് ചേർന്ന ബുധ്ഗാം ജില്ല കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്. ഡച്ചിഗാം വനമേഖലയായിരുന്നു താവളം. ഡച്ചിഗാം വനത്തിലൂടെ ത്രാളിലേക്കും അവിടെ നിന്ന് പഹൽഗാമിലേക്കും എത്താനാകും.
ഒരു വർഷമായി അതിർത്തിക്കടുത്തുള്ള പ്രദേശങ്ങളിൽ നിന്ന് കശ്മീരിലെ വിവിധ ജില്ലകളിലേക്ക് പാക് ഭീകരരെ എത്തിക്കാൻ സഹായിച്ച ചില സ്ളീപ്പിംഗ് സെല്ലുകളുമായി മൂസ ബന്ധം പുലർത്തിയിരുന്നു. ഈ സെല്ലുകളുമായി ബന്ധപ്പെട്ടവർ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. നാട്ടുകാർ അടക്കം രണ്ടായിരത്തോളം പേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ദി റെസിസ്റ്റനന്റ് ഫ്രണ്ട് (ടി.ആർ.എഫ്)മെസേജിംഗ് ആപ്പുകൾ വഴി നടത്തിയ എൻക്രിപ്റ്റഡ് സന്ദേശങ്ങൾ പിടിച്ചെടുക്കാനും ശ്രമിക്കുന്നു. ടി.ആർ.എഫ് സജീവമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ നിരീക്ഷണത്തിലാണ്. ഭീകരരെ പിടികൂടാൻ സഹായിക്കുകയോ, രഹസ്യ വിവരം നൽകുകയോ ചെയ്യുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
ഭീകരർ മലനിരകളിൽ
ബൈസരൻ പുൽമേട്ടിൽ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ മറ്റ് ഭീകരർക്കൊപ്പം മൂസ പിർ പഞ്ചൽ മലനിരകളിൽ ഒളിച്ചിരിക്കുന്നതായാണ് സൂചന. പാക് പൗരൻമാരായ അലി ഭായ് എന്ന തൽഹ, ആസിഫ് ഫൗജി, ജമ്മുകാശ്‌മീർ അനന്ത്നാഗ് സ്വദേശി ആദിൽ ഹുസൈൻ തോക്കർ, പുൽവാമ സ്വദേശി ആസിഫ് ഷെയ്ഖ് എന്നിവരാണ് ആക്രമണം നടത്തിയ മറ്റ് ഭീകരരെന്നും തിരിച്ചറിഞ്ഞു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവർ നൽകിയ വിവരണങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളുടെ രേഖാചിത്രങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
അൽത്താഫ് ലല്ലി
ജമ്മുകശ്മീരിലെ ബന്ദിപ്പോരയിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കറെ ത്വയ്ബ ഭീകരൻ അൽത്താഫ് ലല്ലിയെ സുരക്ഷാ സേന ഇന്നലെ വധിച്ചത്. കുൽനാർ മേഖലയിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് സേന നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടൽ.
ലഷ്കറെ ത്വയ്ബയിലെ ഉന്നത കമാൻഡർ
ജമ്മു കാശ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇയാൾ സുരക്ഷാ ഏജൻസികളുടെ നോട്ടപ്പുള്ളിയായിരുന്നു
യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനും പരിശീലനം നൽകുന്നതിനും മുന്നിലുണ്ടായിരുന്നു
പഹൽഗാം ആക്രമണത്തിന്റെ ആസൂത്രണത്തിലും നടപ്പാക്കലിലും പങ്കുണ്ടെന്ന് കരുതുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |