പാരിസ്: പാലസ്‌തീനെ തങ്ങൾ ഒരു രാജ്യമായി അംഗീകരിക്കുമെന്ന നിർണായക പ്രഖ്യാപനവുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. സെപ്‌തംബർ മാസത്തിലെ ജനറൽ അസംബ്ളിയിൽ വച്ച് പലസ്‌തീനെ രാജ്യമായി അംഗീകരിക്കുന്നത് പ്രഖ്യാപിക്കുമെന്നാണ് മക്രോണിന്റെ അറിയിപ്പ്. ജി 7 രാജ്യങ്ങളിലും പടിഞ്ഞാറൻ മേഖലയിലും പാലസ്‌തീനെ ഒരു രാജ്യമായി അംഗീകരിക്കുന്ന ആദ്യ രാഷ്‌ട്രമായി ഇതോടെ ഫ്രാൻസ് മാറും. 140 ഓളം രാജ്യങ്ങൾ ഇതിനകം പാലസ്‌തീനെ രാജ്യമായി അംഗീകരിച്ചിട്ടുണ്ട്.
ഇസ്രയേൽ-പാലസ്‌തീൻ പ്രശ്‌നങ്ങൾക്ക് പരിഹാരമായി നിർദ്ദേശിക്കപ്പെടുന്ന ദ്വിരാഷ്‌ട്ര വാദ ചർച്ചകൾ പരാജയപ്പെട്ടതും ഗാസയിലെ ജനങ്ങളനുഭവിക്കുന്ന കടുത്ത മാനുഷിക പ്രതിസന്ധികളുമാണ് ഫ്രാൻസിനെ ഈ തീരുമാനത്തിന് പ്രേരിപ്പിച്ചത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നാൽ ഫ്രാൻസിന്റെ ഈ തീരുമാനത്തെ ശക്തമായി അപലപിച്ചു. ഭീകരതയ്‌ക്ക് നൽകുന്ന പ്രതിഫലം എന്നാണ് ഈ പ്രഖ്യാപനത്തെക്കുറിച്ച് നെതന്യാഹു പറഞ്ഞത്.
മദ്ധ്യപൂർവദേശത്ത് 'നീണ്ടുനിൽക്കുന്ന സമാധാനം' ലക്ഷ്യമിട്ടാണ് തന്റെ തീരുമാനമെന്ന് മക്രോൺ എക്‌സിലെ പോസ്റ്റിൽ കുറിച്ചിരുന്നു. സുരക്ഷിതമായ ഇസ്രയേലും പലസ്‌തീന്റെ നിലനിൽപ്പും ലക്ഷ്യമിടുന്നതാണ് ദ്വിരാഷ്‌ട്ര വാദ പരിഹാരം. ഹമാസിന്റെ സൈനികവൽക്കരണവും ഗാസയുടെ പുനർനിർമ്മാണവും ഇവർ ആവശ്യപ്പെടുന്നുണ്ട്.
2023 ഒക്‌ടോബർ മാസത്തിൽ ഹമാസ്-ഇസ്രയേൽ സംഘർഷം ആരംഭിച്ച ശേഷം 59,106 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. അഞ്ചിൽ ഒരു പലസ്‌തീൻ കുട്ടിയ്‌ക്ക് പോഷകാഹാരക്കുറവും അതിനുശേഷം ഉണ്ടാകുന്നുണ്ട്. ജർമ്മനി, ഫ്രാൻസ്, യുകെ എന്നീ രാജ്യങ്ങൾ ഗാസയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളെക്കുറിച്ച് ഇന്ന് ചർച്ച ചെയ്യുന്നുണ്ട്.
കഴിഞ്ഞമാസം റിയാദിൽ നടന്ന ഉച്ചകോടിയിൽ പാലസ്‌തീനെ രാജ്യമായി ഫ്രാൻസ് പ്രഖ്യാപിക്കേണ്ടിയിരുന്നതാണ്. എന്നാൽ ജൂൺ 13ന് ഇസ്രയേൽ-ഇറാൻ ഏറ്റുമുട്ടൽ ഉണ്ടായതോടെയാണ് ഈ തീരുമാനം അറിയിക്കുന്നത് വരുന്ന മാസത്തിലേക്ക് മാറ്റിവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |