ഇംഫാൽ: മണിപ്പൂരിൽ വീണ്ടും തുടങ്ങിയ അക്രമ സംഭവങ്ങൾക്ക് ശേഷം സ്ഥിതി ശാന്തമായിരുന്നെങ്കിലും ഇന്നലെ ഒരാൾ കൊല്ലപ്പെട്ടു. ബിഷ്‌ണുപൂർ ജില്ലയിലുണ്ടായ വിവിധ അക്രമ സംഭവങ്ങൾക്കിടെയാണ് മരണം. രണ്ട് പേർക്ക് പരിക്കുണ്ട്. ഫൗബക്ചൗ പ്രദേശത്ത് രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. മൂന്ന് വീടുകൾ കത്തിച്ചതോടെയാണ് സംഘർഷത്തിന് തുടക്കം. പ്രതികാരമായി എതിർ സമുദായത്തിലുൾപ്പെടുന്നവർ നാല് വീടുകൾ കത്തിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് ബിഷ്‌ണുപൂർ, ഇംഫാൽ ഈസ്റ്ര്, ഇംഫാൽ വെസ്റ്ര് ജില്ലകളിലെ കർഫ്യു ഇളവ് റദ്ദാക്കി. പുലർച്ചെ 5 മണി മുതൽ വൈകിട്ട് നാല് വരെയായിരുന്നു ഇളവ് നല്കിയിരുന്നത്.
ഇന്നലെ പുലർച്ചെ ബിഷ്‌ണുപൂർ, മൊയ്റാംഗ് ജില്ലകളിലെ ചില ഗ്രാമങ്ങളിൽ ആയുധധാരികളായ യുവാക്കൾ എത്തുകയും ഇതിനിടെ തോയിജം ചന്ദ്രമണി എന്നയാൾക്ക് വെടിയേൽക്കുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിക്ക് സമീപം സംഘർഷാവസ്ഥയുണ്ടായെങ്കിലും പൊലീസ് സ്ഥിതിഗതികൾ നിയന്ത്രിച്ചു.
അക്രമം നിയന്ത്രിക്കാൻ കൂടുതൽ കേന്ദ്ര സേനയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി എൻ. ബീരേൻ സിംഗ് അറിയിച്ചു.
ഈ മാസം നാലിന് മണിപ്പൂരിലുണ്ടായ സംഘർഷാവസ്ഥയ്ക്ക് ശേഷം ശാന്തമായ അന്തരീക്ഷമുണ്ടാകുകയും രകർഫ്യു ഇളവുകൾ വരികയും ചെയ്തതിന് ശേഷമാണ് സ്ഥിതിഗതികൾ വീണ്ടും മാറിമറിഞ്ഞത്.
സംഘർഷത്തിന്റെ സാഹചര്യത്തിൽ മുൻ ബി.ജെ.പി എം.എൽ.എയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന തെൽവം തംഗ്സലാങ് ഹാവോകിപ് ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വില കുതിക്കുന്നു
അതിനിടെ, അക്രമത്തിന്റെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ അവശ്യ വസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. സാധാരണ വിലയേക്കാൾ ഇരട്ടി വിലയ്ക്കാണ് നിലവിൽ സാധനങ്ങൾ വിൽക്കുന്നത്. വടക്കു കിഴക്കൻ സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും എൽ.പി.ജി സിലിണ്ടറുകൾ, പെട്രോൾ, അരി, ഉരുളക്കിഴങ്ങ്, ഉള്ളി, മുട്ട തുടങ്ങിയ സാധനങ്ങൾക്ക് സർക്കാർ നിശ്ചയിച്ച വിലയേക്കാൾ ഉയർന്ന നിരക്കിലാണ് വിൽക്കുന്നത്. 50 കിലോ അരിക്ക് 900 രൂപ ആയിരുന്നെങ്കിൽ ഇപ്പോൾ 1,800 രൂപയാണ്. മുട്ടയ്‌ക്ക് വില ഇരട്ടിയായി. പെട്രോളിന് 170 രൂപ വരെ ഉയർന്നു. പാചക വാതകം പൊലീസ് സുരക്ഷയോടെ സംസ്ഥാനത്ത് എത്തിച്ചെങ്കിലും ജനങ്ങൾക്ക് ലഭ്യമാവുന്നില്ല. കരിഞ്ചന്തയിൽ 1800 രൂപ വരെയാണ് വീട്ടാവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില.
മെയ്തി വിഭാഗത്തെ പട്ടിക വർഗത്തിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തെത്തുടർന്ന് ഈ മാസം ആദ്യം തുടങ്ങിയ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ഇംഫാൽ താഴ്‌വരയിലേക്കുള്ള ട്രക്ക് ഗതാഗതം നിറുത്തിവച്ചിരുന്നു. ഇത് അവശ്യ വസ്തുക്കളുടെ സ്റ്റോക്ക് തീരാൻ കാരണമായി. സംഘർഷം കാര്യമായി ബാധിക്കാത്ത സ്ഥലങ്ങളിലും വില വർദ്ധിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |