
ന്യൂഡൽഹി: കേരളത്തിൽ ബി.ജെ.പി തികഞ്ഞ പ്രതീക്ഷയോടെയാണ് മുന്നേറുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നൂറോളം കൗൺസിലർമാരുണ്ട്. തലസ്ഥാനമായ തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ, 45 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് ജനങ്ങൾ ബി.ജെ.പിയിൽ വിശ്വാസമർപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലും ജനങ്ങൾ തീർച്ചയായും ബി.ജെ.പിക്ക് ഒരു അവസരം നൽകുമെന്ന് പൂർണ വിശ്വാസമുണ്ട്-മോദി പറഞ്ഞു.
ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ബി.ജെ.പിയുടെ 12-ാമത് അദ്ധ്യക്ഷനായി ബിഹാറിൽ നിന്നുള്ള നിതിൻ നബിൻ ചുമതലയേറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പാർട്ടിയിൽ താൻ സാധാരണ പ്രവർത്തകൻ മാത്രമാണെന്നും നിതിൻ തന്റെ ബോസ് ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാർലമെന്റിലും നിയമസഭകളിലും മാത്രമല്ല, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ബി.ജെ.പി കുതിക്കുകയാണ്.
മഹാരാഷ്ട്ര മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ അഭൂതപൂർവമായ നേട്ടത്തോടെ ഒന്നാം നമ്പർ ശക്തിയായി ഉയർന്നു. 50% കൗൺസിലർമാരും ബി.ജെ.പിയുടേതാണ്. ബി.ജെ.പി ഒരു കുടുംബവും സംസ്‌കാരവുമാണ്. പാർട്ടി അംഗത്വത്തെക്കാൾ ബന്ധങ്ങളാണ് പ്രധാനം. അദ്ധ്യക്ഷൻമാർ മാറിയാലും ആദർശവും ദിശയും മാറില്ല.
താൻ മൂന്നാം തവണ പ്രധാനമന്ത്രിയായി, 50 വയസിനുള്ളിൽ മുഖ്യമന്ത്രിയായി, 25 വർഷത്തിലേറെ അധികാര പദവിയിലിരുന്നു. എന്നാൽ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം ബി.ജെ.പി പ്രവർത്തകനായതാണ്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, നിതിൻ ഗഡ്‌കരി, സ്ഥാനമൊഴിഞ്ഞ അദ്ധ്യക്ഷൻ ജെ.പി നദ്ദ, ബി.ജെ.പി മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, എം.പിമാർ, കേരളത്തിലെ രാജീവ് ചന്ദ്രശേഖർ അടക്കം സംസ്ഥാന അദ്ധ്യക്ഷൻമാർ, നേതാക്കൾ, സാധാരണ പ്രവർത്തകർ തുടങ്ങിയ വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് നിതിൻ സ്ഥാനമേറ്റത്.
തിരുവനന്തപുരത്ത് മോദിയുടെ റോഡ് ഷോ
തലസ്ഥാന നഗരത്തിലെ ഭരണംപിടിച്ചതിന്റെ ആഹ്ളാദം പങ്കിടാൻ 23ന് രാവിലെ 10നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുകയെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വിമാനത്താവളം മുതൽസമ്മേളനവേദിയായ പുത്തരിക്കണ്ടം മൈതാനം വരെ വൻ റോഡ് ഷോയാണ് സജ്ജമാക്കുന്നത്. രാവിലെ 11 മണിക്ക് പുത്തരിക്കണ്ടം മൈതാനിയിൽ കാൽ ലക്ഷം പ്രവർത്തകർ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തും. വികസിത തിരുവനന്തപുരത്തിന്റെ ബ്ലൂപ്രിന്റ് മേയർ വി.വി.രാജേഷിന് പ്രധാനമന്ത്രി കൈമാറും. 2030 വരെയുള്ള തിരുവനന്തപുരത്തിന്റെ വികസനത്തിന്റെ ബ്ലൂപ്രിന്റാണ് നരേന്ദ്രമോദി അവതരിപ്പിക്കുന്നത്. കേരളത്തിനനുവദിച്ച പുതിയ നാലു ട്രെയിനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |