ഭോപ്പാൽ: ദക്ഷിണാഫ്രിക്കയുമായുള്ള കരാർ പ്രകാരം രണ്ടാം ഘട്ടമായി 12 ചീറ്റകളെക്കൂടി ഇന്ത്യയിലെത്തിച്ചു. ചീറ്റകളെ വഹിച്ചുകൊണ്ടുള്ള സി-17 ഗ്ലോബ് മാസ്റ്റർ എന്ന വ്യോമസേനയുടെ പ്രത്യേക വിമാനം ഇന്നലെ 10 മണിക്ക് ഗ്വാളിയോറിലെത്തി. ശേഷം മൂന്ന് ഹെലികോപ്ടറുകളിൽ മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച അവയെ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ചേർന്ന് ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് തുറന്നു വിട്ടു. ഇതോടെ രാജ്യത്തെത്തിച്ച ചീറ്റകളുടെ എണ്ണം 20 ആയി.
ഏഴ് ആൺ ചീറ്റകളും അഞ്ച് പെൺ ചീറ്റകളുമാണ് സംഘത്തിലുള്ളത്. പത്ത് ക്വാറന്റൈൻ കൂടുകളാണ് ഇവയ്ക്കായി ഒരുക്കിയിട്ടുള്ളത്. ഇന്ത്യൻ വന്യജീവി നിയമമനുസരിച്ച് രാജ്യത്തെത്തിക്കുന്ന മൃഗങ്ങൾക്ക് 30 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്. ആഫ്രിക്കയിൽ നിന്ന് ഇവയ്ക്ക് വാക്സിനുകൾ നല്കിയിരുന്നു. ക്വാറന്റൈനു ശേഷം ഇവയെ പാർക്കിലേക്ക് തുറന്നു വിടുമെന്ന് ശിവരാജി സിംഗ് ചൗഹാൻ പറഞ്ഞു.
സെപ്തംബർ 17നാണ് നമീബിയയിൽ നിന്ന് ആദ്യഘട്ടമായി എട്ട് ചീറ്റകൾ ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇവയെ ദേശീയോദ്യാനത്തിലേക്ക് തുറന്നു വിട്ടത്. നമീബിയയിൽ നിന്നെത്തിച്ചതിൽ സാഷ എന്ന ചീറ്റയ്ക്ക് കിഡ്നി രോഗം ബാധിച്ചിരുന്നു. സാഷയ്ക്ക് വിദഗ്ദ്ധ ചിക്ത്സയാണ് നൽകി വരുന്നത്.
1947-ലായിരുന്നു ഇന്ത്യയിലെ അവസാന ചീറ്റ മരിച്ചത്. 1952ൽ ചീറ്റകൾക്ക് രാജ്യത്ത് വംശനാശം സംഭവിച്ചവയായി പ്രഖ്യാപിച്ചു. 2020ലാണ് ചീറ്റകളെ രാജ്യത്തെത്തിക്കാൻ കേന്ദ്ര സർക്കാർ തീരുമാനമെടുക്കുന്നത്. ആഫ്രിക്കൻ ചീറ്റകളെ പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്തെത്തിക്കാമെന്ന് സുപ്രീംകോടതി വിധിച്ചതോടെ ദക്ഷിണാഫ്രിക്കയുമായി കരാറുണ്ടാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |