ന്യൂഡൽഹി:ലോകത്തെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ, സമ്പദ് വ്യവസ്ഥകളായ ഇന്ത്യയും ജർമ്മനിയും തമ്മിൽ വർദ്ധിച്ചു വരുന്ന സഹകരണം ഇരു രാജ്യങ്ങൾക്കും പ്രയോജനകരവും ലോകത്തിന് നല്ല സന്ദേശവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിന്റെ സന്ദർശനം ഉഭയകക്ഷി ബന്ധങ്ങൾക്ക് ഊർജ്ജം നൽകി. ഉഭയകക്ഷി, പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ ഞങ്ങൾ ചർച്ച ചെയ്തു. യൂറോപ്പിലെ നമ്മുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും ഇന്ത്യയിലെ നിക്ഷേപത്തിന്റെ പ്രധാന സ്രോതസുമാണ് ജർമ്മനി. മേക്ക് ഇൻ ഇന്ത്യ, ആത്മ നിർഭർ ഭാരത് മേഖലകളിൽ ജർമ്മനിയുടെ താല്പര്യം പ്രോത്സാഹജനകമാണ്. പുനരുപയോഗ ഊർജ്ജം , ഹരിത ഹൈഡ്രജൻ, ജൈവ ഇന്ധനം തുടങ്ങിയ മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കാനും തീരുമാനിച്ചു. സുരക്ഷയും പ്രതിരോധ സഹകരണവും തന്ത്രപരമായ പങ്കാളിത്തത്തിന്റെ ആധാരശിലയാവും. അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാൻ യോജിച്ച പ്രവർത്തനം ആവശ്യമാണെന്ന് ഇരു രാജ്യങ്ങളും സമ്മതിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
ഒലാഫ് ഷോൾസും സംഘവും ഇന്ത്യയിലെ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച്ച നടത്തി. ഐ.ടി, ടെലികോം, ഫിൻടെക്, ഡിജിറ്റൽ പരിവർത്തനം തുടങ്ങിയ വിഷയങ്ങളിൽ ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖർ കരാറുകളിൽ ഒപ്പിടുകുകയും ചെയ്തു.
റഷ്യൻ ആക്രമണം വിപത്ത് - ചാൻസലർ ഷോൾസ്
യുക്രെയിനിലെ റഷ്യൻ ആക്രമണം വലിയ വിപത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ചകൾക്ക് ശേഷം സംയുക്ത പത്രസമ്മേളനത്തിൽ ഒലാഫ് ഷോൾസ് പറഞ്ഞു. ആക്രമണം ലോകത്തെ പ്രതികൂലമായി ബാധിച്ചു. അക്രമത്തിലൂടെ ആർക്കും അതിർത്തി മാറ്റാനാകില്ല. ഇത്രയും കാലം നാം അംഗീകരിച്ചിരുന്ന അടിസ്ഥാന തത്വത്തിന്റെ ലംഘനമാണ് ഈ യുദ്ധം.
യുക്രെയ്ൻ തർക്കം ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ഏത് സമാധാന പ്രക്രിയയിലും പങ്കാളിയാകാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |